'പടവെട്ട് ' പുതിയ പോസ്റ്റർ പുറത്തിറങ്ങി; മഞ്ജുവാര്യർ, നിവിൻ പോളി, സണ്ണിവെയ്ൻ കൂട്ടുകെട്ട്
മഞ്ജുവാര്യർ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിൻ പോളി ചിത്രമാണ് 'പടവെട്ട്.' സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിനേതാവ് കൂടിയായ സണ്ണി വെയ്നാണ് ചിത്രം നിർമിക്കുന്നത്. പുതുമുഖം ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മനുഷ്യരുള്ളിടത്തോളം അതിജീവന പോരാട്ടങ്ങളും ഉണ്ടാകും എന്നാണ് സിനിമ പറഞ്ഞു തരുന്നത്.
കണ്ണൂർ ജില്ലയിലെ മാലൂർ എന്ന പ്രദേശത്തെ ആയിരത്തോളം പേരാണ് പടവെട്ടിൽ അഭിനയിക്കുന്നത്. ശ്രീദേവി മാത്തേരി എന്ന പ്രദേശത്തെ ഒരു തൊഴിലുറപ്പ് തൊഴിലാളി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ മേഖലയിൽ ശ്രദ്ധേയയായ അതിഥി രവിയാണ് ചിത്രത്തിൽ നിവിൻ പോളിയുടെ നായികാ വേഷം ചെയ്യുന്നത്.
ബിബിൻ പോൾ, ദീപക് ഡി മേനോൻ, ഷഫീഖ് മുഹമ്മദ് അലി, ഗോവിന്ദ് വസന്ത, സുഭാഷ് കരുൺ, രംഗനാഥ് രവി, മഷർ ഹംസ, റോണക്സ് സേവ്യർ, അൻവർ അലി, ദിനേഷ് സുബ്രരായൻ, ജാവേദ് ചെമ്പ്, അർജുൻ കല്ലിങ്കൽ, ബിജിത്ത് ധർമടം, ഉമേഷ് രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.