ഭിന്നശേഷി സൗഹൃദ അന്തരീക്ഷത്തിൽ പുതുവത്സര ദിനാഘോഷം സംഘടിപ്പിച്ചു
തൃശ്ശൂര്‍: ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ അംഗങ്ങളായ നാഷണൽ സംഘടന പരിവാറിന്റെ നേതൃത്വത്തിൽ പുതുവത്സര ദിനാഘോഷം സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സമൂഹത്തിലാകെ വളർത്തിയെടുക്കുക എന്ന സന്ദേശം ഉൾക്കൊണ്ടാണ് പരിവാറിന്റെ നേതൃത്വത്തിൽ പുതുവത്സര ദിനാഘോഷം സംഘടിപ്പിച്ചത്. ഏതൊരു ആഘോഷവും അർത്ഥവത്താകുന്നത് അതിൽ സ്നേഹം ഉണ്ടാകുമ്പോഴാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. നല്ല കർമ്മ പദ്ധതിയിലേയ്ക്കുള്ള ചുവടുവെയ്പാണ് ഇത്തരം ആഘോഷങ്ങളെന്നും കലക്ടർ കൂട്ടിചേർത്തു. ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം കേക്ക് മുറിച്ച് കലക്ടറും പുതുവത്സര ദിനാഘോഷത്തിന്റെ ഭാഗമായി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ,
ആർ ആർ ഡെപ്യൂട്ടി കലക്ടർ ഐ പാർവതിദേവി, കേരള സംസ്ഥാന പരിവാർ - ഡയറക്ടർ ഫ്രാൻസിസ് പി ഡി, പരിവാർ തൃശൂർ ജില്ലാ പ്രസിഡണ്ട് എ സന്തോഷ്, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.