നൊബേൽ ജേതാക്കളെ വരച്ച പ്രതിഭാധനനായ ആ ചിത്രകാരൻ ആരാണ്? അറിയാം, മനോഹരമായ ചിത്രങ്ങൾ കാണാം

ഇത്തവണത്തെ നൊബേൽ സമ്മാന വാർത്തകൾ വാക്കുകൾ കൊണ്ട് മാത്രമല്ല, വരകൾകൊണ്ടു കൂടിയാണ് ശ്രദ്ധേയമായത്. നൊബേൽ ജേതാക്കളുടെ മനോഹരമായ ഇല്ലസ്ട്രേഷൻസ് ലോകത്തിൻ്റെയാകെ ശ്രദ്ധയാകർഷിക്കുന്നതും ആദരവ് പിടിച്ചുപറ്റുന്നതുമായിരുന്നു.

അബ്ദുൾ റസാഖ് ഗുർണയുടെയും മരിയ റേസ്സയുടെയും ദിമിത്രി മുറാതോവിൻ്റെയുമെല്ലാം ആകർഷകമായ വ്യക്തിത്വത്തെ എല്ലാ അർഥത്തിലും പ്രതിഫലിപ്പിക്കുന്ന മനോഹരമായ രചനകളാണ് ലോകം കണ്ടത്. നിക്ളാസ് എൽമെഹദ് എന്ന വിഷ്വൽ ആർടിസ്റ്റാണ് നൊബേൽ ജേതാക്കളെ ആകർഷകമായ വിധത്തിൽ അടയാളപ്പെടുത്തിയത്. നൊബേൽ പ്രൈസ് ഓർഗനൈസേഷൻ്റെ ഒഫീഷ്യൽ പോർട്രെയ്റ്റ് പെയ്ൻ്റർ കൂടിയാണ് പ്രതിഭാധനനായ ഈ ആർടിസ്റ്റ്.

nobel3.jpeg

2012 മുതൽ നൊബേൽ ജേതാക്കളുടെ പോർട്രെയ്റ്റുകൾ നിക്ളാസ് എൽമെഹദ് ആണ് വരയ്ക്കുന്നത്. ഔദ്യോഗികമായ അറിയിപ്പിനൊപ്പമാണ് പോർട്രെയ്റ്റുകൾ പ്രത്യക്ഷപ്പെടാറ്. അങ്ങിനെ നോക്കിയാൽ നൊബേൽ സമ്മാനം നിർണയിക്കുന്ന സമിതിക്കുപുറമേ പുരസ്കാരം ആർക്കെല്ലാമാണെന്ന് മുൻകൂട്ടി അറിയാവുന്ന ഒരേഒരാൾ കൂടിയാണ് ഈ ഇല്ലസ്ട്രേറ്റർ എന്നു പറയാം. ഓരോ കൊല്ലവും ഒക്ടോബർ മാസം നിക്ളാസിൻ്റേതു കൂടിയാണ്.

nobel1.jpeg

പുരസ്കാര ജേതാക്കളുടെ ഫോട്ടോകൾക്കു പകരം ഔദ്യോഗിക അറിയിപ്പുകളിൽ പെയ്ൻ്റിങ്ങുകൾ ഉപയോഗിച്ചു തുടങ്ങിയത് നിവൃത്തികേടുകൊണ്ടാണെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ ഈ സ്വീഡിഷ് ചിത്രകാരൻ വെളിപ്പെടുത്തിയിരുന്നു. സയൻസിൽ നൊബേൽ നേടുന്നവരുടെ ചിത്രങ്ങളൊന്നും കിട്ടാനില്ലാത്ത അവസ്ഥയുണ്ടായിരുന്നു. കിട്ടുന്നവയാകട്ടെ മങ്ങിയത്. വ്യക്തത കുറഞ്ഞ മോശം ചിത്രങ്ങൾ. പുരസ്കാര ജേതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ സ്റ്റാഫ് പേജിൽ തിരഞ്ഞാൽ മോശം ക്യാമറയിൽ എടുത്ത ഗുണനിലവാരം കുറഞ്ഞ എന്തെങ്കിലും കിട്ടിയാലായി എന്നാണ് പോപ്പുലർ സയൻസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

nobel2.jpeg

2017 മുതലാണ് ഗ്രാഫിക്സ് രൂപത്തിൽ വരയ്ക്കാൻ തുടങ്ങിയത്. ഗോൾഡൻ നിറത്തിൽ അവതരിപ്പിക്കണം എന്ന നിർദേശം വന്നതോടെ ഗോൾഡൻ ഫോയിൽ പതിപ്പിച്ച ചിത്രങ്ങൾ വരച്ചുതുടങ്ങി. വെളുത്ത പശ്ചാത്തലത്തിൽ കറുത്ത നിറത്തിലുള്ള ഔട്ട് ലൈൻ ആണ് ആദ്യമിടുന്നത്. പിന്നീട് നന്നേ കനം കുറഞ്ഞ ഗോൾഡ് ഫോയിലുകൾ അതിൽ ഒട്ടിച്ചു ചേർക്കും. ജേതാക്കളുടെ പേരുവിവരം എത്ര നേരത്തേ താൻ അറിയും എന്ന കാര്യം വെളിപ്പെടുത്താൻ ചിത്രകാരൻ തയ്യാറല്ല. "ഏതാനും മണിക്കൂറുകൾ കൊണ്ട് നല്ല വേഗത്തിലാണ് " തൻ്റെ പോർട്രെയ്റ്റ് നിർമാണം എന്നുമാത്രമേ പറയാനാവൂ.

Related Posts