ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല, പുതിയ നിയമനങ്ങള്‍ നടത്തും; ടിസിഎസ്
മുംബൈ: ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ആരെയും പിരിച്ച് വിടില്ലെന്ന് ടിസിഎസിന്‍റെ ചീഫ് എച്ച്ആർ ഓഫീസർ മിലിന്ദ് ലക്കഡ് അറിയിച്ചു. ജീവനക്കാരെ നിയമിച്ച് കഴിഞ്ഞാൽ ദീർഘകാല കരിയറിനായി അവരെ പരിശീലിപ്പിക്കുക എന്നതാണ് ടിസിഎസിന്‍റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യ ഭീഷണിയെത്തുടർന്ന് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന സമയത്താണ് ടിസിഎസിന്‍റെ തീരുമാനം. വളരെയധികം നിയമനങ്ങൾ നടത്തിയതിനാലാണ് കമ്പനികൾക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വന്നതെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പ് കമ്പനികളിൽ നിന്ന് പുറത്തായവർക്ക് ടിസിഎസ് നിയമനം നൽകും. ആറ് ലക്ഷത്തിലധികം ടിസിഎസ് ജീവനക്കാർക്ക് മുൻ വർഷങ്ങളിലേതിന് സമാനമായ ശമ്പള വർദ്ധനവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ടിസിഎസ് 10,846 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. കമ്പനി 67 രൂപയുടെ പ്രത്യേക ലാഭവിഹിതവും 8 രൂപയുടെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നു. ടിസിഎസിന്‍റെ ഓഹരികൾ നിലവിൽ നേരിയ ഇടിവോടെ 3497.75 രൂപയിലാണ് വ്യാപാരം നടത്തുന്നത്.