ഒമിക്രോൺ ആദ്യം റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതായി ഡബ്ല്യു എച്ച് ഒ

കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്ത് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). അതേസമയം ഒമിക്രോൺ വകഭേദം ഉണ്ടാക്കുന്ന അപകട സാധ്യത വളരെ ഉയർന്നതാണെന്ന് സംഘടന ഇന്ന് പുറത്തുവിട്ട കൊവിഡ്-19 പ്രതിവാര അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നവംബർ 24-നാണ് ലോകത്ത് ആദ്യമായി ഒമിക്രോൺ ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വരുന്ന കുറവ് വൈറസിൻ്റെ കുതിച്ചുചാട്ടം രാജ്യത്ത് താത്കാലികമായി അവസാനിച്ചതിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, അമേരിക്കയിലും ബ്രിട്ടണിലും ഒമിക്രോൺ കേസുകൾ കുതിച്ചുയരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മഹാമാരിയുടെ തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ ഉയർന്ന ആശുപത്രി പ്രവേശനമാണ് ന്യൂയോർക്കിൽ ഏതാനും ദിവസങ്ങളായി കണ്ടുവരുന്നത്. ബ്ലൂംബർഗിൻ്റെ കണക്കുകൾ പ്രകാരം, 24 മണിക്കൂറിനിടയിൽ ന്യൂയോർക്കിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഒമിക്രോൺ രോഗികളുടെ എണ്ണം 647-ൽ നിന്ന് 6,173 ആയി ഉയർന്നു. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇത്.

Related Posts