പാറുക്കുട്ടി അമ്മ വഴി തെറ്റിയെത്തിയത് കലക്ട്രേറ്റില്‍; കലക്ടറുടെ ഇടപെടലില്‍ സുരക്ഷിതമായി വീടണഞ്ഞു
തൃശൂർ: ബന്ധുക്കളെ കാണാന്‍ വീട്ടുകാരോട് പറയാതെ ഇറങ്ങിയ വൃദ്ധ വഴി മറന്നെത്തിയത് കലക്ട്രേറ്റ് പടിക്കല്‍. ജില്ലാ കലക്ടറുടെ ഇടപെടലില്‍ വൃദ്ധയുടെ വീട് കണ്ടെത്തി സുരക്ഷിതമായി തിരിച്ചെത്തിച്ചു. മറവി രോഗം ബാധിച്ച കണിമംഗലം വടക്കെപുരക്കല്‍ കുട്ടപ്പന്‍ ഭാര്യ പാറുക്കുട്ടി അമ്മയാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ വഴി തെറ്റി കലക്ടറേറ്റിലെത്തിയത്. നെടുപുഴയിലുള്ള ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുടെ മക്കളെ കാണുന്നതിന് പുതൂര്‍ക്കരയിലുള്ള സഹോദരന്റെ മകന്റെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. ഈ സമയം സഹോദരന്റെ മകന്റെ മകന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നെടുപുഴയ്ക്ക് പോകേണ്ടതിന് പകരം ചെന്നെത്തിയത് കലക്ടറേറ്റ് പടിക്കലായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കലക്ടറേറ്റ് ജീവനക്കാരായ പ്രതിഭയും ഗോപാലകൃഷ്ണനും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവരെ നെടുപുഴയിലേക്ക് ഓട്ടോ വിളിച്ച് പറഞ്ഞയച്ചു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ വീട് എവിടെയാണെന്ന് അവര്‍ക്ക് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പേരാമംഗലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സജി അവരെ കലക്ട്രേറ്റിലേക്ക് തിരിച്ചെത്തിച്ചു.
വിവരമറിഞ്ഞ ജില്ലാ കലക്ടര്‍, എത്രയും വേഗം അവരുടെ വീട് കണ്ടെത്തി സുരക്ഷിതമായി തിരികെ എത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയുടെയും മെയ്ന്റനന്‍സ് ട്രിബ്യൂണല്‍ ജീവനക്കാരി ബിനിയുടെയും സഹകരണത്തോടെയാണ് ബന്ധുക്കളെ കണ്ടുപിടിച്ച് പാറുക്കുട്ടി അമ്മയെ ഉച്ചയ്ക്ക് ഒരു മണിയോടെ പൂതൂര്‍ക്കരയിലെ വീട്ടില്‍ എത്തിച്ചത്.