രാജ്യത്തെ ഏറ്റവും പഴക്കംചെന്ന കേസിന് 72 വര്‍ഷങ്ങള്‍ക്കുശേഷം തീർപ്പായി

കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കേസിന് ഒടുവിൽ തീർപ്പ്. 1951 ൽ ബെര്‍ഹംപുര്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട കേസാണ് 72 വർഷത്തെ ഇടവേളയ്ക്ക് ശേഷം തീർപ്പാക്കിയത്. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. ജഡ്ജി ജനിക്കുന്നതിന് 10 വർഷം മുമ്പുള്ള കേസിനാണു വിധി പ്രസ്താവിച്ചതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 1951 ജനുവരി 1 ന് ബെർഹംപൂർ ബാങ്കിന്‍റെ ലിക്വിഡേഷൻ നടപടികളുമായി ബന്ധപ്പെട്ട് ഒരു കേസ് ഫയൽ ചെയ്തു. നിക്ഷേപിച്ച പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ ബാങ്കിനെതിരെ വിവിധ കേസുകളും ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസ് പരിഗണിച്ചെങ്കിലും കക്ഷികൾ ഹാജരായിരുന്നില്ല. തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കിയത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന അഞ്ച് കേസുകളിൽ രണ്ടെണ്ണം കൂടി കൊൽക്കത്ത ഹൈക്കോടതിയിൽ തീർപ്പാകാനുണ്ട്. 1952-ൽ ഫയൽ ചെയ്ത കേസുകളാണിത്. ബാക്കി മൂന്ന് കേസുകൾ മറ്റ് സംസ്ഥാനങ്ങളിലെ കോടതികളിൽ കെട്ടിക്കിടക്കുകയാണ്. രണ്ട് സിവിൽ കേസുകൾ ബംഗാൾ സിവിൽ കോടതിയിലും മറ്റൊന്ന് മദ്രാസ് ഹൈക്കോടതിയിലുമാണ്.

Related Posts