കേരളത്തിൽ മുഴുവൻ പരിപാടി നടത്താൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്: തരൂർ
പത്തനംതിട്ട: കേരളത്തിൽ എല്ലായിടത്തും പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് ശശി തരൂർ എം.പി. തൻ്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിച്ച തീയതി ഉൾപ്പടെ കയ്യിലുണ്ട്. പരാതികളുണ്ടെങ്കിൽ അവയ്ക്ക് മറുപടി നൽകും. 14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും ഐയും ഒന്നുമല്ല, കോൺഗ്രസ് ഒരുമിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. താൻ ഒരു വിഭാഗത്തിന്‍റെ ഭാഗമല്ല. കോൺഗ്രസിനുള്ളിലെ വിഭാഗീയതയോടുള്ള എതിർപ്പ് ഞാനും പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, വിഭാഗീയതയൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ ശരിയായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.