പെഗാസസ് അന്വേഷിക്കാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി, സർക്കാരിന് കനത്ത തിരിച്ചടി
കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയായി പെഗാസസ് ഫോൺ ചോർത്തൽ സംഭവത്തിൽ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി മുൻ ജഡ്ജായ ജസ്റ്റിസ് ആർ വി രവീന്ദ്രൻ്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയെയാണ് ഇതിനായി സുപ്രീം കോടതി നിയോഗിച്ചത്. ഏഴ് കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് കോടതി നിരീക്ഷിച്ചു. വിവാദങ്ങളുടെ അടിവേര് പരിശോധിക്കാൻ തങ്ങൾ നിർബന്ധിതരായതായി കോടതി അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള വിദഗ്ധ സമിതിയെ നിയമിക്കണം എന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാപരമായ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നതെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് സർക്കാരുകളുടെ ബാധ്യതയാണെന്ന് കോടതി എടുത്തു പറഞ്ഞു. സ്വകാര്യത ഭരണഘടനാപരമായ അവകാശമാണ്. പൊതുപ്രവർത്തകരുടെയും ഉന്നത വ്യക്തികളുടെയും മാത്രമല്ല എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരുകൾക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.