വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കണമെന്ന ഹർജി തള്ളി, ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴവിധിച്ച് ഹൈക്കോടതി
കൊവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ നീക്കം ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേസ് നിസ്സാരവും രാഷ്ട്രീയ പ്രേരിതവും ആണെന്ന് വിശേഷിപ്പിച്ച ഹൈക്കോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു. പബ്ലിക് ഇൻ്ററസ്റ്റ് ലിറ്റിഗേഷനല്ല മറിച്ച് പബ്ലിസിറ്റി ഇൻ്ററസ്റ്റ് ലിറ്റിഗേഷനാണ് ഹർജിക്കാരൻ്റേതെന്നും കോടതി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി എന്നത് കോൺഗ്രസ്സിന്റെ പ്രധാനമന്ത്രിയോ ബിജെപിയുടെ പ്രധാനമന്ത്രിയോ ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ പ്രധാനമന്ത്രിയോ ആണെന്ന് ആർക്കും പറയാനാവില്ല. ഭരണഘടന അനുസരിച്ച് പ്രധാനമന്ത്രിയായി ഒരാൾ തിരഞ്ഞെടുക്കപ്പെട്ടാൽ, അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഓരോ പൗരന്റെയും അഭിമാനമായിരിക്കണം ആ പദവി എന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സർക്കാരിന്റെ നയങ്ങളിലും പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നിലപാടുകളിലും ഭിന്നാഭിപ്രായമുള്ളവർ ഉണ്ടാകാം. എന്നാൽ ധാർമികത ഉയർത്തിപ്പിടിക്കുന്ന സന്ദേശവുമായി പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വെയ്ക്കാൻ പൗരന്മാർ ലജ്ജിക്കേണ്ടതില്ല, ഈ മഹാമാരിയുടെ സന്ദർഭത്തിൽ പ്രത്യേകിച്ചും.
സ്വകാര്യ ആശുപത്രികൾ പണം ഈടാക്കി വാക്‌സിൻ നൽകുമ്പോൾ, സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകൻ പീറ്റർ മൈലിപ്പറമ്പിൽ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.