40 ശതമാനം സീറ്റ് സ്ത്രീകൾക്ക്, പകുതി വിലയ്ക്ക് വൈദ്യുതി, പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും സ്കൂട്ടിയും; ഉത്തർപ്രദേശിനെ ഇളക്കിമറിച്ച് കോൺഗ്രസ്സിന്റെ പ്രതിജ്ഞായാത്ര
ഉത്തർപ്രദേശ്: വാഗ്ദാനമല്ല, പ്രതിജ്ഞയാണ് എന്ന സന്ദേശത്തോടെ ആകർഷകമായ ഒട്ടേറെ ഉറപ്പുകൾ നൽകി കോൺഗ്രസ്സിന്റെ പ്രതിജ്ഞാ യാത്രയ്ക്ക് ഉത്തർപ്രദേശിൽ തുടക്കമായി. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശിന്റെ ചുമതലയുള്ള നേതാവുമായ പ്രിയങ്കാ ഗാന്ധിയാണ് പ്രതിജ്ഞാ യാത്ര ഉദ്ഘാടനം ചെയ്തത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സർക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മുന്നോട്ടു നീങ്ങുന്നത്. കർഷക സമരവും ഹത്രാസിൽ പീഡനത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ടതും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രിയങ്കയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിരുന്നു. ലഖിംപുർ ഖേരിയിൽ പ്രിയങ്ക നടത്തിയ നീക്കങ്ങളും ദേശീയ തലത്തിൽ വരെ ചർച്ചയായി. കർഷകരുടെ കൊലപാതകവും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത വിമർശനമാണ് സംസ്ഥാനത്തൊട്ടാകെ അദിത്യനാഥ് സർക്കാർ നേരിടുന്നത്.
തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റ് സ്ത്രീകൾക്ക് മാറ്റിവെയ്ക്കും എന്ന പ്രിയങ്കയുടെ പ്രഖ്യാപനത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടായിട്ടുണ്ട്. പ്ലസ് റ്റു പെൺകുട്ടികൾക്ക് സ്മാർട്ട് ഫോൺ, ബിരുദ വിദ്യാർഥിനികൾക്ക് ഇ-സ്കൂട്ടി ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്. വെറും വാഗ്ദാനങ്ങളല്ല, പ്രതിജ്ഞ തന്നെയാണ് എന്ന ആകർഷകമായ വാചകങ്ങളോടെയാണ് പോസ്റ്ററുകൾ തയ്യാറാക്കിയിട്ടുള്ളത്. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും ദരിദ്ര കുടുംബങ്ങൾക്ക് പ്രതിവർഷം 25,000 രൂപ നൽകുമെന്നും മുഴുവൻ പേർക്കും പകുതി വിലയ്ക്ക് വൈദ്യുതി നൽകുമെന്നും പറയുന്നുണ്ട്. കൊവിഡ് കാലത്തെ വൈദ്യുതി കുടിശ്ശിക പൂർണമായും എഴുതിത്തള്ളും എന്നതാണ് മറ്റൊരു വാഗ്ദാനം.
മൂന്ന് യാത്രകൾക്കാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ബാരാബങ്കി മുതൽ ബുന്ദേൽഖണ്ഡ് വരെയും സഹാരൻപുർ മുതൽ മധുര വരെയും വാരാണസി മുതൽ റായ് ബറേലി വരെയുമുള്ള യാത്രകൾ നവംബർ 1-ന് സമാപിക്കും.