അഹമ്മദാബാദിൽ അറസ്റ്റിലായവരല്ല കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചതെന്ന് പൊലീസ്
കൊച്ചി: അഹമ്മദാബാദിൽ അറസ്റ്റിലായ ഇറ്റാലിയൻ പൗരൻമാരല്ല കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചതെന്ന് പൊലീസ്. ഇവർ സെപ്റ്റംബർ 24നാണ് ഇന്ത്യയിലെത്തിയത്. എന്നാൽ, മെയ് മാസത്തിലാണ് കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചത്. അഹമ്മദാബാദ് മെട്രോ സ്റ്റേഷനിൽ ഗ്രാഫിറ്റി വരച്ച പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ തന്നെയാണ് കൊച്ചിയിലെ പ്രതികളെന്ന സംശയത്തെ തുടർന്നാണ് കൊച്ചി പൊലീസ് അഹമ്മദാബാദിലെത്തി പ്രതികളെ ചോദ്യം ചെയ്തത്. കൊച്ചിയിൽ നിന്നുള്ള മെട്രോ പൊലീസ് സംഘം അഹമ്മദാബാദിൽ നിന്ന് മടങ്ങി. രാജ്യവ്യാപകമായി ഗ്രാഫിറ്റി വാന്‍റലിസം നടത്തുന്ന റെയിൽവേ ഗൂൺസ് സംഘത്തിലെ 4 പേരാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച അഹമ്മദാബാദ് മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ടാസ് എന്ന ഗ്രാഫിറ്റി ഇവർ വരച്ചത്. ഈ കേസിലാണ് ജാൻലുക, സാഷ, ഡാനിയേൽ, പൗലോ എന്നിവരെ അഹമ്മദാബാദിലെ അവരുടെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. പിന്നാലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അഹമ്മദാബാദിൽ എത്തുകയായിരുന്നു. എന്നാൽ കൊച്ചിയിലെ പ്രതികൾ ഇവരല്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മെയിലാണ് കൊച്ചി മെട്രോയുടെ മുട്ടം യാർഡിലെ നിർത്തിയിട്ടിരുന്ന ബോഗികളിൽ 'ബേൺ', 'സ്പ്ലാഷ്' എന്ന് വരച്ച് പ്രതികൾ കടന്നു കളഞ്ഞത്. നഗരത്തിൽ ഒരു സ്ഫോടനത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വിധ്വംസക ആവശ്യങ്ങൾക്കായി കലയെ ഉപയോഗിക്കുന്ന റെയിൽവേ ഗൂൺസ് ആണ് ഇവരെന്ന് കണ്ടെത്തിയെങ്കിലും ഈ അന്താരാഷ്ട്ര സംഘത്തിലേക്ക് എത്താൻ കൊച്ചി പൊലീസിന് കഴിഞ്ഞിരുന്നില്ല.