ഒറ്റ മീൽസിന്റെ വില ഒരു ലക്ഷത്തി എൺപതിനായിരം രൂപ!!! കണ്ണുതളളി സോഷ്യൽ മീഡിയ
ലണ്ടൻ: ലോകപ്രശസ്തനായ ടർക്കിഷ് ഷെഫാണ് നുസ്റത്ത് ഗ്യോക്ചെ. സോൾട്ട് ബേ എന്ന ചെല്ലപ്പേരിലാണ് താരം ആഗോള തലത്തിൽ അറിയപ്പെടുന്നത്. നാലുകൊല്ലം മുമ്പ് ഇന്റർനെറ്റിൽ തരംഗമായി മാറിയ 'സോൾട്ട് ബേ' എന്ന തകർപ്പൻ മീമോടു കൂടിയാണ് ഗ്യോക്ചെ ശ്രദ്ധിക്കപ്പെടുന്നത്. മീറ്റ് കട്ട് ചെയ്ത് ചെറു കഷണങ്ങളാക്കി അതിൽ ആകർഷകമായ രീതിയിൽ സോൾട്ട് വിതറുന്ന വ്യത്യസ്തനാം ഷെഫ് നുസ്റത്ത് ഗ്യോക്ചെയെ സാമൂഹ്യ മാധ്യമങ്ങൾ അങ്ങ് ഏറ്റെടുക്കുകയായിരുന്നു. ഒറ്റ വീഡിയോ കൊണ്ട് വൈറലായി മാറിയ ടർക്കിഷ് താരം പിന്നീടിങ്ങോട്ട് എന്തു ചെയ്താലും വാർത്തയാണ്. ലോകത്തെ പ്രധാന നഗരങ്ങളിലെല്ലാം ഗ്യോക്ചെയ്ക്ക് നുസ്ര്_എത്ത് എന്ന പേരിൽ റസ്റ്റൊറന്റ് ശൃംഖലയുണ്ട്.
ലണ്ടൻ നഗരത്തിൽ ഗ്യോക്ചെ തുടങ്ങിയ പുതിയ റസ്റ്റൊറന്റിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഈറ്ററിക്ക് തുടക്കം കുറിച്ചത്. ലോകത്തിന്റെ ഹൃദയമായ ലണ്ടൻ നഗരത്തിൽ തന്റെ ഈറ്ററിക്ക് തുടക്കം കുറിച്ച വിവരം ഗ്യോക്ചെ അറിയിച്ചത് വലിയ വാർത്തയായിരുന്നു. തൻ്റെ ട്രേഡ് മാർക്ക് സ്റ്റൈലിൽ മീറ്റിൽ സോൾട്ട് വിതറുന്ന ഗ്യോക്ചെയുടെ വീഡിയോ ദൃശ്യങ്ങൾ ലണ്ടനിൽ മാത്രമല്ല, ലോകമെങ്ങും തരംഗമായി മാറി.
ഇപ്പോൾ ഇന്റർ നെറ്റിലൂടെ പ്രചരിക്കുന്നത് നുസ്ര്_എത്തിലെ ബില്ലുകളാണ്. പുതിയ ഈറ്ററിയിലെ മീൽസിന്റെ വില കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ലോകം. സിംഗിൾ മീൽസിന് 1800 പൗണ്ടാണ് വില. ഇന്ത്യൻ രൂപയിലാക്കിയാൽ ഏതാണ്ട് 1.80 ലക്ഷം വരും. മീൽസിന് മാത്രമല്ല ഈറ്ററിയിലെ എല്ലാ വിഭവങ്ങൾക്കും മാനം മുട്ടുന്ന വിലയാണെന്ന് അനുഭവസ്ഥർ പറയുന്നു. സിംഗിൾ സ്റ്റീക്കിന് 630 പൗണ്ട് കൊടുക്കണം. ഇന്ത്യൻ രൂപയിൽ 62,862 വരും. ഒരു കോക്കിന് 900 രൂപയ്ക്കടുത്ത് വരും.
രസകരമായ കാര്യം, നുസ്ര്_എത്തിലെ വിഭവങ്ങളുടെ പടുകൂറ്റൻ വില സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ആദ്യമായല്ല എന്നതാണ്. മിയാമിയിലെ വിഭവങ്ങളുടെ വിലകേട്ടും ആരാധക വൃന്ദം നേരത്തേ ബോധം കെട്ടിരുന്നു. ഇസ്താംബുളിലെ അങ്കാറ, ബോദ്റും; ടർക്കിയിലെ മാർമാറിസ്; ഗ്രീസിലെ മൈക്കോനോസ്; അമേരിക്കയിലെ മിയാമി, ന്യൂയോർക്ക്, ബോസ്റ്റൺ, ഡള്ളാസ്, ബെവർലി ഹിൽസ്; മധ്യ പൗരസ്ത്യ ദേശത്തെ അബുദാബി, ദുബൈ, ദോഹ, ജിദ്ദ നഗരങ്ങളിലും
നുസ്ര്_എത്ത് പ്രശസ്തമാണ്.