ഒറ്റ പങ്ച്വേഷൻ മാർക്കിന്റെ വില 1,80,000 ഡോളർ !!! സോഷ്യൽ മീഡിയ പോസ്റ്റിൽ അപ്പോസ്ട്രഫി മിസ്സായതിന് ലക്ഷങ്ങളുടെ മാനനഷ്ടക്കേസ്
ഫേസ്ബുക്കിലിട്ട പോസ്റ്റിൽ ഒരു അപ്പോസ്ട്രഫി മിസ്സായതിന് റിയൽ എസ്റ്റേറ്റ് ഏജന്റ് ചെന്നുപെട്ടത് വല്ലാത്ത നിയമക്കുരുക്കിൽ. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച് തൊഴിലുടമയ്‌ക്കെതിരെയിട്ട പോസ്റ്റിലാണ് ഒരു അപ്പോസ്ട്രഫി മിസ്സായത്. പക്ഷേ ആ ഒറ്റ മിസ്സിങ്ങ് പങ്ച്വേഷൻ മാർക്കിന്റെ വില 1,80,000 അമേരിക്കൻ ഡോളർ, അതായത് ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ അറുപത് ലക്ഷത്തോളമാണെന്ന് ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റ് റിയൽ എസ്റ്റേറ്റ് ഏജൻസിയിൽനിന്ന് വിരമിച്ച ആന്റണി സഡ്രാവിക് ആണ് സ്റ്റുവർട്ട് ഗാൻ എന്ന സ്ഥാപന ഉടമയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ജീവനക്കാരന്റെ റിട്ടയർമെന്റ് ഫണ്ട് രണ്ടുവർഷം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാത്തയാളാണ് പേൾ ബീച്ചിൽ മൾട്ടിമില്യൺ ഡോളർ വിലയുള്ള വീടുകൾ വില്ക്കുന്നത് എന്നും താങ്കളെ ഓർത്ത് ലജ്ജിക്കുന്നു എന്നുമാണ് സഡ്രാവിക്കിന്റെ പോസ്റ്റ്.
"ഓ, സ്റ്റുവർട്ട് ഗാൻ!! സെല്ലിങ്ങ് മൾട്ടി മില്യൺ ഡോളർ ഹോംസ് ഇൻ പേൾ ബീച്ച് ബട്ട് കാണ്ട് പേ ഹിസ് എംപ്ലോയീസ് സൂപ്പർ ആന്വേഷൻ. ഷെയിം ഓൺ യു സ്റ്റുവർട്ട് !!! റ്റു ഇയേഴ്സ് ആന്റ് സ്റ്റിൽ വെയ്റ്റിങ്ങ് !!!
"എംപ്ലോയീസ് സൂപ്പർ ആന്വേഷൻ" എന്ന് എഴുതിയപ്പോൾ എംപ്ലോയി എന്നതിനുശേഷം ഇടേണ്ട അപ്പോസ്ട്രഫിയാണ് മിസ്സായത്. അതോടെ വാചകത്തിന്റെ അർഥം ജീവനക്കാരൻ്റെ എന്നതിനുപകരം ജീവനക്കാരുടെ എന്നായി. തന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പറയാനാണ് സഡ്രാവിക് ശ്രമിച്ചതെങ്കിലും നിരവധി ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതായി വ്യാഖ്യാനിക്കപ്പെട്ടതോടെ 'പോസ്റ്റ്മാൻ' പൊല്ലാപ്പിലായി. മുൻ ജീവനക്കാരന്റെ തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് മൂലം തനിക്ക് വലിയ മാനഹാനി സംഭവിച്ചു എന്നാണ് തൊഴിലുടമയുടെ വാദം.
അമളി പിണഞ്ഞെന്ന് ബോധ്യമായ സഡ്രാവിക് അധികം വൈകാതെ പോസ്റ്റ് പിൻവലിച്ചെങ്കിലും അതിനുള്ളിൽ തന്നെ സ്റ്റുവർട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലെ നിസ്സാരമായ പങ്ച്വേഷൻ അവഗണിക്കാവുന്ന കാര്യമാണെന്ന് സഡ്രാവിക് വാദിച്ചെങ്കിലും കോടതി ആ വാദം തള്ളിക്കളയുകയാണ് ചെയ്തത്. സ്റ്റുവർട്ടിന് അനുകൂലമായി വിധിച്ചാൽ 1,80,000 ഡോളർ പിഴ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.