പുതുവർഷത്തിൽ പ്രധാനമന്ത്രി ആദ്യമെത്തുന്നത് യുഎഇ യിലും കുവൈറ്റിലും
അടുത്തവർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്ന വിദേശ രാജ്യങ്ങളായി യുഎഇ യും കുവൈറ്റും. കൊവിഡ് പ്രതിസന്ധി കാലത്ത് ശക്തമായ പിന്തുണ നൽകിയതിൽ എമിറേറ്റുകളോട് പ്രധാനമന്ത്രി കൃതജ്ഞത പ്രകടിപ്പിക്കും. കൊവിഡ് മഹാമാരിക്കാലത്ത് ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെയാണ് സ്വന്തം പൗരന്മാരെപ്പോലെ എമിറേറ്റുകൾ ചേർത്തു പിടിച്ചത്.
യുഎഇ യിൽ നാല് മില്യണിലേറെ ഇന്ത്യൻ പ്രവാസികളാണ് ഉള്ളത്. കുവൈറ്റിൽ ഒരു മില്യണിലേറെ ഇന്ത്യക്കാരുണ്ട്. മിഡിൽ ഈസ്റ്റിലെ വിദേശ നയം രൂപപ്പെടുത്തുന്നതിൽ യുഎഇ യ്ക്കും കുവൈറ്റിനും വലിയ പങ്കാണുള്ളത്.
യുഎസിനും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. 60 ബില്യൺ അമേരിക്കൻ ഡോളറിലേറെ മൂല്യമുള്ള വ്യാപാര പങ്കാളിത്തമാണ് യുഎഇ യുമായി ഇന്ത്യയ്ക്കുള്ളത്. പ്രധാനമന്ത്രി മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമായിരിക്കും ജനുവരിയിലേത്.
മോദിക്ക് മുമ്പ് എമിറേറ്റുകൾ സന്ദർശിച്ച അവസാനത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 32 വർഷം മുമ്പായിരുന്നു ആ സന്ദർശനം. കുവൈറ്റുമായും സുദൃഢമായ ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. മഹാമാരിയുടെ രണ്ടാം തരംഗ സമയത്ത് ഓക്സിജൻ സിലിണ്ടറുകളും മെഡിക്കൽ ഉപകരണങ്ങളും നൽകി കുവൈറ്റ് പിന്തുണച്ചിരുന്നു. കുവൈറ്റ് അമീർ ഷെയ്ക്ക് നവാഫ് അൽ-അഹ്മദ് അൽ- സബാഹിനുള്ള മോദിയുടെ കത്തുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാജ്യത്തെത്തിയിരുന്നു. ഊർജം, വ്യാപാരം, വിവര സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്.