സൈനിക ദിനത്തിൽ ഇന്ത്യൻ സേനയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

സൈനിക ദിനത്തിൽ സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാമാന്യമായ ധീരതയും ഗംഭീരമായ പ്രൊഫഷണലിസവുമാണ് ഇന്ത്യൻ സൈന്യം പ്രകടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യസുരക്ഷയിൽ സൈന്യം അർപിക്കുന്ന അമൂല്യമായ സംഭാവന വിവരണാതീതമാണ്. കേവലം വാക്കുകൾ കൊണ്ട് അത് പ്രകടിപ്പിക്കാനാവില്ല. സൈനികർ അതികഠിനമായ ഭൂപ്രദേശങ്ങളിലും ദുഷ്കരമായ കാലാവസ്ഥയിലും സേവനമനുഷ്ഠിക്കുന്നവരാണ്.

പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ സഹപൗരന്മാരെ സഹായിക്കുന്നതിൽ അവർ മുൻനിരയിലാണ്. വിദേശത്തും സമാധാനപാലന ദൗത്യങ്ങളിൽ അഭിമാനകരമായ സംഭാവനകളാണ് അവർ നൽകുന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ പ്രാധാന്യം അംഗീകരിക്കാനും സൈനികരുടെ ത്യാഗങ്ങളെ ആദരിക്കാനുമായി എല്ലാ വർഷവും ജനുവരി 15-ന് ഇന്ത്യ സൈനിക ദിനമായി ആചരിക്കുകയാണ്. 1949-ൽ ഈ ദിവസമാണ് ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്ന് ഫീൽഡ് മാർഷൽ കോടന്തേര എം കരിയപ്പ ഇന്ത്യൻ കരസേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയി ചുമതലയേറ്റത്.

Related Posts