ഇന്ത്യയുമായുള്ള ബന്ധം പുതിയ തലത്തിലേക്ക് എത്തിയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ധാക്ക: ഇന്ത്യ സന്ദർശിച്ച ശേഷം തിരിച്ചെത്തിയത് വെറുംകൈയോടെ അല്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് എത്തിയെന്ന് സെപ്റ്റംബർ 5 മുതൽ 8 വരെയുള്ള തന്‍റെ സന്ദർശനത്തെക്കുറിച്ച് അവർ മാധ്യമങ്ങളോടു പറഞ്ഞു. ഹസീനയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഏഴ് കരാറുകളിൽ ഒപ്പുവെച്ചു. ഹസീനയ്ക്ക് ഇന്ത്യയുമായി ധാരണയിലെത്താൻ കഴിഞ്ഞില്ലെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. ബംഗ്ലാദേശിന്‍റെ വടക്കുകിഴക്കൻ സിൽഹെത്ത് മേഖലയെ മിന്നൽ പ്രളയത്തിൽനിന്ന് നിന്ന് രക്ഷിക്കുന്ന കുഷിയാര നദി ഉടമ്പടിയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഹസീന പറയുന്നു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ 5,820,000 ഹെക്ടർ ഭൂമി പ്രളയത്തിൽ നിന്ന് രക്ഷിക്കപ്പെടും. സുർമ-കുശിയാര പദ്ധതിയിൽ നിന്ന് ബംഗ്ലാദേശിന് 153 ക്യുസെക്സ് വെള്ളം ലഭിക്കും. ഇതിലൂടെ 5,000 ഹെക്ടർ കൃഷിഭൂമിയിലേക്ക് റഹീംപൂർ ലിങ്ക് കനാൽ വഴി വെള്ളം എത്തിക്കാനാകും.

Related Posts