പൊതുമേഖലയും സ്വകാര്യമേഖലയും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി
ഡൽഹി: ആഗോള വിപണിയിൽ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി നീതി ആയോഗിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി ഡിജിറ്റൽ ഇന്ത്യയുടെ മുന്നേറ്റത്തെയും രാജ്യത്തുടനീളം ഫിൻ ടെക് അതിവേഗം വളരുന്നതിനെയും അഭിനന്ദിച്ചു. യോഗത്തിൽ ഇന്ത്യയുടെ വികസന കുതിപ്പ് നിലനിർത്താനുള്ള മാർഗങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ സാമ്പത്തിക വിദഗ്ധർ മുന്നോട്ട് വച്ചു. ആഗോള വിപണി പ്രക്ഷുബ്ധമായിരിക്കുന്ന ഘട്ടത്തിലും ഇന്ത്യയുടെ പ്രതിരോധം ശക്തമാണെന്നും അതിനാൽ ആഗോള വേദിയിൽ ഇന്ത്യ വേറിട്ടുനിൽക്കുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, സാമ്പത്തിക വിദഗ്ധരായ ശങ്കർ ആചാര്യ, അശോക് ഗുലാത്തി, ഷമിക രവി, മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.