ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. കൊവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിൽ 100 കോടി ഡോസെന്ന റെക്കോഡ് നേട്ടം കൈവരിച്ചതിന് തൊട്ടു പിറകേയുള്ള മോദിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധനയെ ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. രാവിലെ 10 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും എന്ന ഒറ്റവരി ട്വീറ്റാണ് പി എം ഒ നൽകിയിട്ടുള്ളത്. ചൈന കഴിഞ്ഞാൽ ഒരു ബില്യൺ വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയ ഏക രാജ്യമാണ് ഇന്ത്യ.
ഇന്നലെ രാവിലെ 10 മണിക്ക് മുമ്പാണ് രാജ്യം റെക്കോഡ് നേട്ടം കൈവരിച്ചത്. പിന്നാലെ ആരോഗ്യ പ്രവർത്തകരെ പ്രകീർത്തിച്ചു കൊണ്ടുള്ള മോദിയുടെ ട്വീറ്റ് വന്നിരുന്നു. 130 കോടി ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തിയ ചരിത്രനേട്ടത്തിൽ ആരോഗ്യ പ്രവർത്തകർ വഹിച്ച പങ്കിനെ ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു മോദിയുടെ ട്വിറ്റർ സന്ദേശം.