പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ്ങ് നടത്തും

ഒമിക്രോൺ വകഭേദം മൂലമുള്ള കൊവിഡ് കേസുകൾ രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനിടെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി സംവദിക്കും. വൈകിട്ട് 4.30-ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

മൂന്നാം തരംഗത്തിൽ പ്രതിദിന രോഗ ബാധിതരുടെ എണ്ണം 2,50,000-ത്തോളം എത്തി നിൽക്കുന്ന സമയത്താണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംവദിക്കുന്നത്. കേസുകളുടെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടം, രാത്രികാല കർഫ്യൂ, വലിയ തോതിലുള്ള ഒത്തുചേരലുകൾക്ക് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാവും.

രാജ്യത്തെ കൊവിഡ്-19 സാഹചര്യം, ആരോഗ്യ മേഖലയിൽ നിലവിലുള്ള തയ്യാറെടുപ്പുകൾ, വാക്സിനേഷൻ പ്രക്രിയയുടെ മുന്നോട്ടുപോക്ക്, ഒമിക്രോൺ വകഭേദത്തിൻ്റെ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. പ്രസ്തുത യോഗത്തിൽ കൊവിഡ് സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി അവതരിപ്പിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Posts