തടവുകാരൻ്റെ പുറത്ത് "തീവ്രവാദി" എന്ന് മുദ്രകുത്തി
വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന തടവുപുള്ളിയുടെ പുറത്ത് "തീവ്രവാദി" എന്ന് മുദ്രകുത്തിവെച്ചതായി ആരോപണം. പഞ്ചാബിലെ ബർണാലയിലാണ് സംഭവം. മയക്കുമരുന്ന്, കൊലപാതക കേസുകളിൽ പ്രതിയായ 28 വയസ്സുള്ള കരംജിത്ത് സിങ്ങാണ് മൻസ ജില്ലാ കോടതി ജഡ്ജിക്കു മുമ്പാകെ ആരോപണം ഉന്നയിച്ചത്. വിശദമായ അന്വേഷണത്തിന് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർ സിങ്ങ് രൻധാവ ഉത്തരവിട്ടിട്ടുണ്ട്.
പരിതാപകരമായ സാഹചര്യത്തിലാണ് ബർണാല ജയിലിൽ തടവുപുള്ളികൾ കഴിയുന്നതെന്ന് കരംജിത്ത് സിങ്ങ് കോടതിയിൽ പറഞ്ഞു. എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് രോഗികളായ തടവുകാരെ അടക്കം ഒന്നിച്ചാണ് പാർപ്പിച്ചിട്ടുള്ളത്. പരാതിപ്പെട്ടപ്പോഴെല്ലാം ജയിൽ സൂപ്രണ്ട് തല്ലിച്ചതച്ചെന്നും അയാൾ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ ജയിൽ സൂപ്രണ്ട് നിഷേധിച്ചു. നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സ്വഭാവക്കാരനാണ് പ്രതിയെന്നും അയാൾ കഥ കെട്ടിച്ചമയ്ക്കുകയാണെന്നും സൂപ്രണ്ട് ബൽബീർ സിങ്ങ് ആരോപിച്ചു. തടവുപുള്ളിയുടെ ആരോപണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫിറോസ്പുർ ഡി ഐ ജി യുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം കൊടുത്തിട്ടുണ്ട്.