സദാചാര ഗുണ്ടായിസം; മർദ്ദനമേറ്റ സ്വകാര്യ ബസ് ഡ്രൈവർ മരണപ്പെട്ടു
തൃശൂർ: തിരുവാണിക്കാവിലെ വനിതാ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സദാചാര ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച ബസ് ഡ്രൈവർ മരണപ്പെട്ടു. ചേർപ്പ് സ്വദേശി സഹർ ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹർ മരിച്ചത്. ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹറിനെ ആക്രമിച്ച 6 പേർ ഇപ്പോഴും ഒളിവിലാണ്. തൃശ്ശൂർ തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു 32 കാരനായ സഹർ. സഹറിന്‍റെ സുഹൃത്ത് ഒരു പ്രവാസി മലയാളിയുടെ ഭാര്യയാണെന്ന് പോലീസ് പറഞ്ഞു. അർദ്ധരാത്രിയിൽ ഫോൺ കോൾ ലഭിച്ചതിനെ തുടർന്നാണ് സഹർ ഇവരുടെ വീട്ടിലെത്തിയത്. ഇതിനിടെ അർദ്ധരാത്രിയിൽ സുഹൃത്തിന്‍റെ വീട്ടിലെത്തിയത് ചോദ്യം ചെയ്ത് സദാചാര ഗുണ്ടകൾ എത്തി. അതേസമയം ഇവർ വീടിന് സമീപം ഒളിച്ചിരിക്കുകയായിരുന്നെന്നും പറയുന്നു. അവർ സഹറിനെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചു. കടുത്ത മർദ്ദനത്തെ തുടർന്ന് സഹറിന്‍റെ വൃക്കകൾ തകരാറിലായിരുന്നു. വാരിയെല്ലിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിലായിരുന്നു.