എല്ലാ കേസിലും ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി; ജഡ്ജി ഹണി എം.വര്‍ഗീസ്
കൊച്ചി: എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം.വര്‍ഗീസ്. പോലീസ് കൊണ്ടുവരുന്ന കേസില്‍ ശിക്ഷ വാങ്ങിനല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം സമൂഹത്തോടാണ്. ഇക്കാര്യം സുപ്രീംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹണി എം.വര്‍ഗീസ് പറഞ്ഞു. കൊച്ചിയില്‍ സാമൂഹികനീതി വകുപ്പിന്റെ പരിപാടിയിലാണ് ഹണി എം.വര്‍ഗീസിന്റെ പരാമര്‍ശം. പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കാന്‍ തയ്യാറാകണം. അത്തരത്തില്‍ ജാമ്യം നല്‍കുന്നതിനുള്ള ഇടപെടലുകള്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടാകണം. എന്നാല്‍ അങ്ങനെ ചെയ്താല്‍ പഴി കേള്‍ക്കുമെന്ന ഭീതിയാണ് പല പ്രോസിക്യൂട്ടര്‍മാര്‍ക്കും ഉള്ളതെന്നും ഹണി എം.വര്‍ഗീസ് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. പ്രതി ദിലീപുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്നും അതിനാൽ നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിമാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കാണിച്ച് കോടതി ഹർജി തള്ളുകയായിരുന്നു