ബജറ്റ് നിര്‍ദേശത്തെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നു

ഇന്ന് മുതൽ സംസ്ഥാനത്ത് ജീവിതച്ചെലവേറും. ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നതിനാലാണിത്. പെട്രോളിനും ഡീസലിനും ഇന്ന് മുതൽ 2 രൂപ അധിക സെസ് നൽകണം. ക്ഷേമ പെൻഷനുകൾക്ക് പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെ വിലയും ഇന്ന് മുതലാണ് കൂടുന്നത്. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്. നിരക്ക് വർദ്ധനവിനെതിരെ പ്രതിപക്ഷം സമര പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കെട്ടിട നിർമ്മാണ പെർമിറ്റ് അടക്കം തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസുകൾ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുമെന്ന ബജറ്റ് നിർദേശത്തിന്‍റെ ചുവട് പിടിച്ചാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകൾ കൂട്ടി ഉത്തരവിറക്കിയത്. കെട്ടിട നിർമാണത്തിനുള്ള പെർമിറ്റിനും ലൈസൻസിനും ചെലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് ച.മീറ്ററിന് 300 മുതൽ 3000 രൂപ വരെയായി ഉയരും. മുൻസിപ്പാലിറ്റിയിൽ 300 മുതൽ 4000 വരെയും കോർപറേഷനിൽ 300 മുതൽ 5000 വരെയുമാണ് പുതുക്കിയ ഫീസ് നിരക്ക്. ഏപ്രിൽ പത്ത് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

Related Posts