തോല്‍വിയ്ക്ക് കാരണം ബൗളര്‍മാര്‍ തിളങ്ങാത്തത്; വിമര്‍ശനവുമായി രോഹിത് ശര്‍മ
മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ക്യാപ്റ്റൻ രോഹിത് ശര്‍മ. ബൗളര്‍മാര്‍ തിളങ്ങാത്തതാണ് തോല്‍വിയ്ക്ക് കാരണമെന്ന് രോഹിത് പറഞ്ഞു. മത്സരശേഷമുള്ള അവാര്‍ഡ് ദാനച്ചടങ്ങിലാണ് രോഹിത് ഇക്കാര്യമറിയിച്ചത്. "ബൗളര്‍മാര്‍ നിരാശപ്പെടുത്തി. ഞങ്ങള്‍ക്ക് നന്നായി പന്തെറിയാനായില്ല. 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും അത് പ്രതിരോധിക്കാനായില്ല. ഫീല്‍ഡിങ്ങിനിടെ ലഭിച്ച സുവര്‍ണാവസരങ്ങള്‍ പാഴാക്കുകയും ചെയ്തു. ബാറ്റര്‍മാര്‍ നന്നായി തന്നെ കളിച്ചു. പക്ഷേ ബൗളര്‍മാര്‍ ഗ്രൗണ്ടിലില്ലായിരുന്നു. ഇനിയും ഒത്തിരി കാര്യങ്ങളില്‍ മുന്നേറാനുണ്ട്." രോഹിത് പറഞ്ഞു. മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ 4 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 4 പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.