ബന്ധുവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ 64 കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 10 കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റിൽ. അനൂജ് ശര്‍മ (32) എന്നയാളാണ് തന്നോടൊപ്പം താമസിച്ചിരുന്ന ബന്ധുവിനെ കൊലപ്പെടുത്തിയത്. ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനൂജിൻ്റെ അച്ഛനും സഹോദരിയും വീട്ടിലില്ലാതിരുന്ന സമയത്ത് എന്തോ ആവശ്യത്തിനായി ഡല്‍ഹിയില്‍ പോകണമെന്ന് പറഞ്ഞ അനൂജിനെ സരോജ് തടഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടർന്ന് ചായ തിളപ്പിച്ച് കൊണ്ടിരുന്ന സരോജിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹം മാർബിൾ കട്ടർ ഉപയോഗിച്ച് 10 കഷണങ്ങളായി മുറിച്ച് ഹൈവേയിലെ ഒതുങ്ങിയ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ബക്കറ്റുകളിലും സ്യൂട്ട്കേസുകളിലുമായാണ് അനൂജ് ശരീര ഭാഗങ്ങൾ കടത്തിയതെന്ന് അധികൃതർ പറഞ്ഞു. പിന്നാലെ ബന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയും കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പം സരോജിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. സരോജിനായി പൊലീസ് നടത്തിയ തിരച്ചിലിലാണ് അനൂജിന്‍റെ മൊഴിയിൽ പൊരുത്തക്കേട് കണ്ടെത്തിയത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക അന്വേഷണത്തിൽ സ്യൂട്ട്കേസും ബക്കറ്റുമായി ഇയാൾ വീടുവിട്ടിറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സരോജിനെ കൊലപ്പെടുത്തിയത് താനാണെന്ന് അനൂജ് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.