ഗുണ്ടജയൻ എത്താൻ വൈകും; ഉപചാരപൂർവ്വം ദുൽഖർ സൽമാൻ
സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം 'ഉപചാരപൂർവ്വം ഗുണ്ടജയ'ന്റെ റിലീസ് മാറ്റിവച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യം പരിഗണിച്ച് ചിത്രത്തിന്റെ നിർമാതാവായ ദുൽഖർ സൽമാനാണ് 'ഉപചാരപൂർവ്വം ഗുണ്ടജയ'ന്റെ റിലീസ് മാറ്റാൻ നിശ്ചയിച്ചതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രം എത്രയും പെട്ടെന്ന് പ്രേക്ഷകരിലേക്കെത്തിക്കാൻ ശ്രമിക്കുമെന്നും ദുൽഖർ പറഞ്ഞു. ജനുവരി 28നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്.
റിലീസ് അറിയിച്ച് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ. "നമ്മുടെ ഗുണ്ടജയന്റെ വീട്ടിലെ അടിപൊളി കല്യാണം കൂടി പൊട്ടിച്ചിരിച്ച് തിരികെ മടങ്ങാൻ തീയറ്ററുകളിലേക്ക് പോര്. 2022 ജനുവരി 28 മുതൽ. പിന്നെ ഗുണ്ടജയൻ എന്റെ കൂട്ടുകാരനായതു കൊണ്ട് പറയുവല്ല കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ..!",
അരുൺ വൈഗയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ഗോകുലൻ, സാബു മോൻ, ഹരീഷ് കണാരൻ, ഷാനി ഷാക്കി, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനികാടും ചേർന്നാണ് നിർമാണം.