സംവരണ വിദ്യാർഥികൾ ആരുടെയും പിറകിലല്ല, നീറ്റിൽ നേടിയത് ഗംഭീരനേട്ടം; നാലിൽ മൂന്നു പേർക്കും പ്രവേശനത്തിന് ഇളവ് വേണ്ട
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റിൽ ഈ വർഷം യോഗ്യത നേടിയ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ നാലിൽ മൂന്ന് വിദ്യാർഥികൾക്കും പൊതുവിഭാഗത്തിൽ പ്രവേശനം കിട്ടാനുള്ള ഉയർന്ന കട്ട് ഓഫ് മാർക്ക് ലഭിച്ചതായി റിപ്പോർട്ടുകൾ. ഇംഗ്ലിഷ് ദിനപത്രമായ ടെലിഗ്രാഫാണ് ഇതു സംബന്ധിച്ച വാർത്ത നൽകിയത്. നാലിൽ മൂന്ന് പേർക്കും മാർക്ക് ഇളവുകളുടെ ആവശ്യമില്ല.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തിങ്കളാഴ്ച പ്രഖ്യാപിച്ച ഫലങ്ങൾ കാണിക്കുന്നത് 3.97 ലക്ഷം ഒബിസി വിദ്യാർഥികളിൽ 83 ശതമാനത്തിലധികം പേരും 1.14 ലക്ഷം പട്ടികജാതി വിദ്യാർഥികളിൽ 80 ശതമാനത്തിലധികം പേരും 40,000 പട്ടികവർഗ വിദ്യാർഥികളിൽ 77 ശതമാനം പേരും ജനറൽ കാറ്റഗറിക്കു വേണ്ട കട്ട് ഓഫ് മാർക്ക് കരസ്ഥമാക്കി എന്നാണ്. പൊതുവിഭാഗത്തിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ (ഇഡബ്ല്യുഎസ്) വിദ്യാർഥികൾക്കുമുള്ള ഉയർന്ന കട്ട് ഓഫ് മാർക്കാണ് സംവരണത്തിന് അർഹതയുള്ള ഭൂരിഭാഗം വിദ്യാർഥികളും നേടിയത്.
എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയ 8.7 ലക്ഷം വിദ്യാർഥികളിൽ 7.7 ലക്ഷം പേരും ജനറൽ മെറിറ്റ് കട്ട്‌ഓഫിനേക്കാൾ കൂടുതൽ സ്‌കോർ ചെയ്തപ്പോൾ ഒരു ലക്ഷത്തോളംപേർ റിലാക്‌സ്ഡ് കട്ട്‌ഓഫിൽ യോഗ്യത നേടി. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളുടെ ഉന്നത വിജയം, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ മെറിറ്റിനെ സംബന്ധിച്ച് മുന്നാക്ക സാമൂഹിക വിഭാഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ്.
കൃത്യമായ പരിശീലനവും മാർഗനിർദേശവും നൽകിയാൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാർ ഇതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് ഡൽഹി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ എൻ.സുകുമാർ പറഞ്ഞു. എസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരെ വിവേചനത്തിന് ഉപയോഗിക്കുന്ന ഒരു നിർമിത പദമാണ് 'മെറിറ്റ് ' എന്നാണ് നീറ്റ് ഫലങ്ങൾ കാണിക്കുന്നത്. പൊതു വിഭാഗത്തിൽ നിന്നുള്ള സമപ്രായക്കാർക്ക് സാധാരണ ലഭിക്കുന്ന പിന്തുണ സംവരണ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഗ്രാമീണ മേഖലയിൽനിന്നുള്ള എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് കാര്യമായ മാർഗനിർദേശവും പരിശീലനവും ലഭിക്കുന്നില്ല. എന്നിട്ടും അവർ മികച്ച പ്രകടനം കാഴ്ചവെച്ചതായി അധ്യാപകൻ അഭിപ്രായപ്പെട്ടു.