ഐഎംപിഎസ് വഴി അയയ്ക്കാവുന്ന പണത്തിന്റെ പരിധി 5 ലക്ഷമാക്കി റിസർവ് ബാങ്ക്
ഐഎംപിഎസ് അഥവാ ഇമ്മിഡിയറ്റ് പേയ്മെൻ്റ് സർവീസ് വഴി അയയ്ക്കാവുന്ന പണത്തിന്റെ പരിധി അഞ്ച് ലക്ഷം രൂപയായി വർധിപ്പിച്ച് റിസർവ് ബാങ്ക്. നിലവിൽ ഇത് രണ്ടു ലക്ഷമാണ്. വിവിധ ചാനലുകൾ വഴി ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ഡൊമസ്റ്റിക് ഫണ്ട് ട്രാൻസ്ഫർ അനുവദിക്കുന്നതാണ് ഐഎംപിഎസ്. രണ്ടുമാസം കൂടുമ്പോൾ നടക്കുന്ന ധനനയ സമിതിയുടെ യോഗത്തിലാണ് ഗവർണർ ശക്തികാന്ത് ദാസ് ഇക്കാര്യം അറിയിച്ചത്.
പോയിൻ്റ് ഓഫ് സെയിൽ (പി ഒ എസ് ), ക്വിക്ക് റെസ്പോൺസ് കോഡ് (ക്യു ആർ കോഡ്) എന്നിവ വഴിയുള്ള പണം കൈമാറ്റം പ്രോത്സാഹിപ്പിക്കാനായി ജിയോ ടാഗിങ്ങ് സാങ്കേതികവിദ്യ വ്യാപകമാക്കാനുള്ള പദ്ധതിയും റിസർവ് ബാങ്ക് ആലോചിക്കുന്നുണ്ട്. ഈ മാസം ആദ്യം മുതൽ ഓട്ടോ ഡെബിറ്റ് റൂളിൽ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. അയ്യായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകളിൽ ഓട്ടോമാറ്റിക് ആയ ഡെബിറ്റിന് മുന്നോടിയായി കസ്റ്റമേഴ്സിന് നോട്ടിഫിക്കേഷൻ നൽകുന്ന തരത്തിലാണ് ക്രമീകരണം.
തുടർച്ചയായ എട്ടാം തവണയും പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിർത്തിയിട്ടുണ്ട്.