രണ്ട് തലമുറകളുടെ കൂടിച്ചേരൽ; സന്തോഷം പങ്കുവച്ച് വേണുഗോപാൽ
നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ഗായകനാണ് ജി വേണുഗോപാൽ. മോഹൻലാൽ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം സംഗീത പ്രേമികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ ഇതാ രണ്ടു തലമുറകളുടെ കൂടിച്ചേരലിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗായകൻ.
താൻ മോഹൻലാലിന്റെ ശബ്ദം ആയതുപോലെ തന്റെ മകൻ പ്രണവ് മോഹൻലാലിന്റെ ശബ്ദമായതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. പ്രണവിന്റെ പുതിയ ചിത്രം പ്രണയത്തിൽ നഗുമോ എന്ന ഗാനം ആലപിച്ചത് വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാലാണ്. മോഹൻലാലിനൊപ്പം നിൽക്കുന്ന തന്റേയും പ്രണവിനൊപ്പം നിൽക്കുന്ന മകന്റേയും ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
"മുഖവും ശബ്ദവും! വർഷങ്ങളായി... രണ്ടു തലമുറകളായി", എന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രണ്ടു ജോടി തലമുറകളുടെ കൂടിച്ചേരലുകളിൽ നിന്ന് ഇനിയും സൂപ്പർഹിറ്റ് ഗാനങ്ങളുണ്ടാകട്ടെ എന്ന ആശംസകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഒന്നു മുതൽ പൂജ്യം വരെ മുതൽ മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാണ് വേണുഗോപാൽ. തൂവാനത്തുമ്പികളിലെ ഒന്നാം രംഗം പാടി, കൈ നിറയെ വെണ്ണ തരാം (ബാബ കല്യാണി), കണ്ടോ കണ്ടോ (മഹാസമുദ്രം), തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ അദ്ദേഹം മോഹൻലാലിന്റെ ശബ്ദമായി.