മഴക്കെടുതി; സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം വിളിച്ച് റവന്യൂ മന്ത്രി
മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വലയിരുത്തി ദുരിതാശ്വാസ നടപടികൾ ഉറപ്പുവരുത്താൻ റവന്യൂ മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ചാലക്കുടി മേഖലയിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു.
ശക്തമായ മഴയില്‍ ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയും ചാലക്കുടി പുഴയുടെ തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ഇവിടങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയുടെ തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ കേരള ഷോളയാര്‍ ഡാം ഉള്‍പ്പെടെ തുറന്നുവിടേണ്ട സാഹചര്യമുണ്ടാകും. വരുംദിനങ്ങളില്‍ കൂടുതല്‍ മഴയുണ്ടാവാനുള്ള സാധ്യത പരിഗണിച്ച് പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ദുരാതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങളുടെ തയ്യാറെടുപ്പും മന്ത്രി യോഗത്തില്‍ വിലയിരുത്തി. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നല്ല രീതിയിലുള്ള ഇടപെടലുകളാണ് ജില്ലയില്‍ നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു.
വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് നേരത്തേ തന്നെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പുഴകളിലെ ജലനിരപ്പ് വലിയ തോതില്‍ വര്‍ധിച്ചത്. രാവിലെ ആറു മണിയോടെ ജലനിരപ്പ് ആറു മീറ്ററിലേറെ ഉയര്‍ന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാന്‍ മടികാണിക്കരുതെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
കാലവര്‍ഷ വേളയില്‍ നല്ല തോതില്‍ മഴ ലഭിച്ച സാഹചര്യത്തില്‍ മണ്ണിലെ ഈര്‍പ്പം കൂടിയതിനാല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത കൂടിയിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍ എ കൗശികൻ യോഗത്തെ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദ സാധ്യതയും അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതയും ദേശീയ കാലാവസ്ഥാ വകുപ്പ് പ്രവചിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
യോഗത്തില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ഡേവിസ് മാസ്റ്റര്‍, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, ആർ ഡി ഒ പി എ വിഭൂഷണൻ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, തഹസിൽദാർ ഇ എൻ രാജു, തൃശൂർ റൂറൽ എസ് പി ജി പൂങ്കഴലി, ജനപ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.