റഷ്യൻ സേന 20 കിലോമീറ്റർ അടുത്തെത്തിയതായി ഉപഗ്രഹ ചിത്രങ്ങൾ
ആസന്നമായ യുദ്ധത്തെ കുറിച്ചുളള ആശങ്കകൾക്കിടയിൽ റഷ്യൻ സേന ഉക്രേനിയൻ അതിർത്തിക്ക് അടുത്തെത്തിയതായി ഉപഗ്രഹ ചിത്രങ്ങൾ. സൈനിക വിന്യാസം 20 കിലോമീറ്റർ മാത്രം അകലെയാണെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന.
ഉക്രയ്നിലെ വിഘടനവാദികളെ പിന്തുണയ്ക്കാൻ രാജ്യത്തിന് പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ പ്രസിഡണ്ട് വ്ലാദിമിർ പുതിന് അനുവാദം നൽകുന്ന നിയമത്തിന് ഇന്നലെയാണ് റഷ്യൻ പാർലമെന്റ് അംഗീകാരം നൽകിയത്.
മാക്‌സർ ടെക്നോളജീസ് 24 മണിക്കൂറിനുളളിൽ ശേഖരിച്ച ചിത്രങ്ങളാണ് പുതിയ വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്. തെക്കൻ ബെലാറസിലും പടിഞ്ഞാറൻ റഷ്യയിലെ ഉക്രേനിയൻ അതിർത്തിക്കടുത്തും അധിക സൈനിക വിന്യാസം ഉറപ്പു വരുത്തുന്നതാണ് ഉപഗ്രഹ ചിത്രങ്ങൾ.
പടിഞ്ഞാറൻ റഷ്യയിലെ പോച്ചെപ്പിന് സമീപം അധിക സൈനിക വിന്യാസത്തിനായി ഒരു വലിയ പ്രദേശം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ബെൽഗൊറോഡിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള സൈനിക മേഖലയിൽ ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചു. ഉക്രയ്ൻ അതിർത്തിയിൽ നിന്ന് കഷ്ടി 20 കിലോമീറ്റർ ദൂരെയുള്ള തെക്കുപടിഞ്ഞാറൻ ഗ്രാമങ്ങളിൽ പുതിയ സൈനികരെയും യുദ്ധോപകരണങ്ങളെയും വിന്യസിച്ചിട്ടുണ്ട്.