യുദ്ധം ആറാം ദിവസത്തിലേക്ക്; ഒരു വശത്ത് ചർച്ച, മറുവശത്ത് ആക്രമണം എന്ന സമ്മർദ തന്ത്രമാണ് റഷ്യ പയറ്റുന്നതെന്ന് സെലൻസ്കി
ഉക്രയ്‌നിലെ റഷ്യൻ ആക്രമണം ആറാം ദിവസത്തിലേക്ക് പ്രവേശിച്ചു. രണ്ടാമത്തെ വലിയ നഗരമായ ഖാർവിവിൽ കനത്ത ബോംബാക്രമണം നടക്കുകയാണ്. നൂറുകണക്കിന് ടാങ്കുകളും വാഹനങ്ങളുമായി പുതിയൊരു റഷ്യൻ സൈനിക വ്യൂഹം തലസ്ഥാന നഗരമായ കീവിന്റെ പ്രാന്തപ്രദേശത്ത് എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്നലെ ഇരുവിഭാഗവും തമ്മിൽ അഞ്ച് മണിക്കൂറോളം ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. ലോക വേദികളിലാകെ കനത്ത ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുമ്പോഴും ഉക്രയ്നെ കീഴടക്കാനുള്ള പോരാട്ടം ക്രെംലിൻ തുടരുകയാണ്.
റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ കീവ് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന് ഉക്രേനിയൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്‌കി രാത്രി വൈകി നൽകിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കനത്ത ബോംബാക്രമണത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഒരു വശത്ത് ചർച്ചകൾക്ക് നേതൃത്വം നൽകുകയും മറുവശത്ത് ആക്രമണം തുടരുകയും ചെയ്യുന്ന തന്ത്രമാണ് റഷ്യ പയറ്റുന്നത്. ഈ രീതിയിൽ റഷ്യ തങ്ങൾക്കുമേൽ സമ്മർദം ചെലുത്താൻ ശ്രമിക്കുകയാണെന്ന് സെലൻസ്കി ആരോപിച്ചു.