നൂറുമേനി വിജയം നേടിയ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും ആദരം
ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല വിദ്യാഭ്യാസ പുരസ്ക്കാരവിതരണം ആദരം 2023 ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ സംസ്ഥാന സിലബസ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥിപ്രതിഭകളെയും നൂറുമേനി വിജയം നേടിയ വിദ്യാലയങ്ങളെയുമാണ് പുരസ്കാരം നൽകി ആദരിച്ചത്.
ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ മുഖ്യാതിഥിയായി.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ ആയിരത്തിലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികളെയാണ് ചടങ്ങിൽ പ്രശസ്തിപത്രവും ഫലകവും നൽകി ആദരിച്ചത്.
സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കാൻ ഇന്നത്തെ സമൂഹത്തിന് കരുത്ത് ആവശ്യമാണെന്നും കേരളത്തെ വൈജ്ഞാനിക സമൂഹം ആക്കി മാറ്റുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഇതിനായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭൗതികസാഹചര്യങ്ങൾ ലോകോത്തര നിലവാരമുള്ള തരത്തിൽ ഉയർത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഗണിതശാസ്ത്ര-ഇംഗ്ലീഷ് ഭാഷ പരിശീലനപദ്ധതി 'ദിശ' ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആര്യ പി രാജ്, സ്പെഷൽ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് റോളർ സ്കേറ്റിങ്ങിലും 100 മീറ്റർ ഓട്ടം, 200 മീറ്റർ റിലേ എന്നീ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഇരിങ്ങാലക്കുട പ്രതീക്ഷ ഭവൻ വിദ്യാർത്ഥി സി ആർ അഭിജിത്തിനെയും മന്ത്രി ആർ ബിന്ദു പുരസ്കാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൺ, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ ആർ ജോജോ, ലതാ സഹദേവൻ, സീമ പ്രേംരാജ്, കെ എസ് ധനീഷ്, കെ എസ് തമ്പി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം സി നിഷ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.