കടത്തിണ്ണകളിൽ പോലും കിടന്നുറങ്ങിയിട്ടുണ്ടെന്ന് ഇന്ത്യൻ സിനിമയിലെ വിസ്മയമായ 'ഷോലെ' യുടെ തിരക്കഥാകൃത്ത്
ഷോലെ എന്ന ചിത്രത്തെപ്പറ്റി വിസ്മയത്തോടെ മാത്രമേ ഇന്ത്യൻ സിനിമാ ലോകം എക്കാലവും ഓർക്കൂ. 1975 ലെ സ്വാതന്ത്ര്യ ദിനത്തിൽ റിലീസ് ചെയ്ത ചിത്രം തുടർച്ചയായി 286 ആഴ്ചകളാണ് അന്നത്തെ ബോംബെയിലെ മിനർവ തിയേറ്ററിൽ പ്രദർശിപ്പിച്ചത്. പ്രദർശന വിജയത്തിൽ ചരിത്രം അപ്പാടെ തിരുത്തിക്കുറിച്ച ചിത്രം.
ജാവേദ് അക്തർ-സലിം ഖാൻ കൂട്ടുകെട്ടാണ് ഷോലെ എന്ന ബ്രഹ്മാണ്ഡ വിജയ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ഇന്ത്യൻ സിനിമയിൽ ബ്ലോക്ക് ബസ്റ്റർ വെടിക്കെട്ടുകൾ തുടർച്ചയായി സമ്മാനിച്ച വമ്പൻ കൂട്ടുകെട്ടായി പിന്നീടങ്ങോട്ട് ഇരുവരും മാറി. തിരക്കഥാ രചനയിൽ മാത്രം ഒതുങ്ങി നിന്നില്ല ജാവേദ് അക്തർ എന്ന പ്രതിഭാധനൻ്റെ മികവും ശേഷിയും. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച ഗാനരചയിതാക്കളിൽ ഒരാളായും തൻ്റെ സ്ഥാനം അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്.
ജാവേദ് അക്തറിൻ്റെ ഒരു പഴയ കാല അഭിമുഖമാണ് ഇന്ന് അദ്ദേഹത്തിൻ്റെ 77-ാം ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മുംബൈ സിനിമാ ലോകത്ത് കാലെടുത്തുവെച്ച നാളുകളെ കുറിച്ചാണ് അഭിമുഖത്തിൽ അദ്ദേഹം ഓർത്തെടുക്കുന്നത്. കടത്തിണ്ണകളിൽ പോലും കിടന്നുറങ്ങേണ്ടി വന്നു. ചിലപ്പോൾ ഏതെങ്കിലും ഇടുങ്ങിയ വരാന്തയിൽ, മറ്റു ചിലപ്പോൾ വലിയ ഏതെങ്കിലും കെട്ടിടത്തിൻ്റെ ഇടനാഴിയിൽ രാത്രി കഴിച്ചുകൂട്ടി. അർധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ തൊഴിലില്ലാപ്പട അന്തിയുറങ്ങുന്ന തെരുവിലും കിടന്നിട്ടുണ്ടെന്ന് രാജ്യം രണ്ടുതവണ പത്മ പുരസ്കാരങ്ങൾ നൽകി ആദരിച്ച കലാകാരൻ പറയുന്നു. തെരുവോരങ്ങളിലെ മരത്തണലിൽ പോലും കിടന്നുറങ്ങിയ സ്മരണകൾ അഭിമുഖത്തിൽ അദ്ദേഹം അയവിറക്കുന്നു.
പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾക്കു പുറമേ അഞ്ച് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും മറ്റ് എണ്ണമറ്റ ബഹുമതികളും ജാവേദ് അക്തർ നേടിയിട്ടുണ്ട്. പ്രഗത്ഭ അഭിനേത്രി ശബാന ആസ്മിയാണ് അദ്ദേഹത്തിൻ്റെ ജീവിത പങ്കാളി.