കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെമിനാർ സമാപിച്ചു
തൃശൂർ: രണ്ട് ദിവസങ്ങളിലായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഫീൽഡ് ഔട്ട്റീച്ച് ബ്യുറോ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ നടന്നു വന്നിരുന്ന ബോധവൽക്കരണ സെമിനാർ സമാപിച്ചു. സ്ത്രീകൾ സ്വയം പര്യാപ്തരാവേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ് പ്രതിരോധം, സാമ്പത്തിക സുരക്ഷ തുടങ്ങി വിവിധ ക്ലാസുകളാണ് രണ്ട് ദിവസങ്ങളിലായി സെമിനാറിൽ നടന്നുവന്നത്.
കോളേജ് പ്രിൻസിപ്പൽ റവ സിസ്റ്റർ ഡോ. എം എ വത്സ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കോവിഡ് 19നെതിരെ തുടരേണ്ട ജാഗ്രതയെക്കുറിച്ച് മുതുവറ ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ സെന്ററിലെ മെഡിക്കൽ ഡയറക്റ്ററും പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. സിജു രവീന്ദ്രനാഥ് ക്ലാസ്സെടുത്തു. ചർച്ചയിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിൻഞ്ചു സി ജേക്കബ് കവിതകളിലൂടെയും കഥകളിലൂടെയും കോവിഡ് പ്രതിരോധത്തിന്റെ പ്രാധാന്യവും അനുഭവങ്ങളും പങ്കുവെച്ചു.
തുടർന്ന് കവി ഒ എൻ വി കുറുപ്പിന്റെ 'അമ്മ' എന്ന കവിതയെ അടിസ്ഥാനമാക്കി കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥിനികൾ നൃത്തശില്പം അവതരിപ്പിച്ചു. തൃശൂർ ഫീൽഡ് ഔട്ട്റീച്ച് ബ്യുറോ ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫീൽഡ് ഔട്ട്റീച്ച് ബ്യുറോ ഉദ്യോഗസ്ഥൻ അംജിത്, ലിറ്റിൽ ഫ്ലവർ കോളേജിലെ അധ്യാപകർ, വിദ്യാർത്ഥികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.