സീനിയര്‍ ഗ്രൗണ്ട് പ്രഭാത സായാഹ്ന സവാരിക്ക് നിയന്ത്രണങ്ങളോടെ തുറന്ന് നല്‍കും
കുന്നംകുളം: സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ കുന്നംകുളം ഗവ.മോഡല്‍ ബോയ്സ് സ്കൂളിന്റെ അധീനതയിലുള്ള സീനിയര്‍ ഗ്രൗണ്ടില്‍ പ്രഭാത സായാഹ്ന സവാരിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം എംഎല്‍എ എ സി മൊയ്തീന്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉപാധികളോടെ പിന്‍വലിക്കുന്നതിന് തീരുമാനിച്ചു. മുഴുവന്‍ നടത്തക്കാര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നതിനും രജിസ്റ്റര്‍ ചെയ്തവര്‍ക്കായി രാവിലെയും വൈകീട്ടും 5.30 മുതല്‍ 7.30 വരെയുള്ള സമയത്ത് നടത്തത്തിനായി തുറന്നു നല്‍കുന്നതിനും യോഗത്തില്‍ ധാരണയായി.
ആധുനിക സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ പ്രാരംഭ അടയാളപ്പെടുത്തലുകളും മറ്റും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് ഗ്രൗണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു വരെ അടച്ചിടുന്നതിന് അധികൃതര്‍ തീരുമാനിച്ചത്.
സ്റ്റേഡിയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താതെ പാര്‍ക്കിംഗ് ഏരിയയും മറ്റ് അനുയോജ്യ സ്ഥലങ്ങളും ഉപയോഗപ്പെടുത്തി കൂട്ടായ ഉത്തരവാദിത്വത്തിലൂടെ മുന്നോട്ട് പോകണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ഗ്രൗണ്ടിലെ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയുന്നതിനും സാധനസാമഗ്രികളുടെ നശിപ്പിക്കലിന് പിഡിപിപി വകുപ്പ് ഉള്‍പ്പെടെയുള്ളവ ചുമത്തി കേസെടുക്കുന്നതിനും പൊലീസിനോട് യോഗം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, സോമശേഖരന്‍ ടി, പ്രിയ സജീഷ്, ഷെബീര്‍ പി കെ, കൗണ്‍സിലര്‍മാരായ ബിജു സി ബേബി, ഷാജി ആലിക്കല്‍, സുനില്‍കുമാര്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എൻജിനീയര്‍ കൃഷ്ണന്‍ ബി.ടി.വി, എൻജിനീയര്‍മാരായ ബിജു, അന്‍വര്‍ സലീം, നവാസ്, തഹസില്‍ദാര്‍ സുനില്‍കുമാര്‍, എസിപി സിനോജ്, നഗരസഭ സെക്രട്ടറി ടി.കെ സുജിത്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ധിധിക സി, ബോയ്സ് സ്കൂള്‍ അധികൃതര്‍, പ്രഭാത സായാഹ്ന സവാരി നടത്തക്കാരുടെ പ്രതിനിധികള്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.