മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

പാലക്കാട്: മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സ്പിൽവേ ഷട്ടറുകൾ നാളെ (ഓഗസ്റ്റ് 31) രാവിലെ 9 മണിക്ക് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇന്ന് വൈകിട്ട് ആറുവരെ 113.93 മീറ്ററാണ് ജലനിരപ്പ്. ഇത് റൂൾ കർവ് ലൈനിന് രണ്ട് സെന്‍റിമീറ്റർ മുകളിലാണ്. മലമ്പുഴ ഡാമിന്‍റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ, മത്സ്യത്തൊഴിലാളികൾ, പുഴയിൽ ഇറങ്ങുന്നവർ എന്നിവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അതേസമയം, കേരളത്തിലെ രണ്ട് ജില്ലകളിൽ വെള്ളപ്പൊക്ക സാഹചര്യമുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ റിപ്പോർട്ട് ചെയ്തു. മണിമലയാർ, അച്ചൻകോവിലാർ, തൊടുപുഴ പുഴകളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പ്രളയ സാഹചര്യം നിലനിൽക്കുന്നത്. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരം കനത്ത വെള്ളക്കെട്ട് നേരിടുകയാണ്. പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വീടുകളും കടകളും വെള്ളത്തിനടിയിലാവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ട്രെയിൻ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു. കനത്ത മഴയും വെള്ളക്കെട്ടും മധ്യകേരളത്തിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

Related Posts