തളിക്കുളത്ത് വെള്ളിമൂങ്ങയെ പിടികൂടി

തളിക്കുളം: തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വെള്ളിമൂങ്ങയെ പിടികൂടി. അധ്യയനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അടഞ്ഞ് കിടക്കുന്ന ക്ലാസ് മുറികളിലും പരിസരത്തും ക്ഷുദ്ര ജീവികളുടെ സാന്നിദ്ധ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ വനം വകുപ്പിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി. തളിക്കുളം അനിമൽ സ്ക്വാഡിലെ രമേഷ് പി ആർ ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിലാണ് അടഞ്ഞു കിടന്നിരുന്ന ക്ലാസ് മുറിയിൽ നിന്ന് വെള്ളി മൂങ്ങയെ പിടികൂടിയത്. അനിമൽ സ്ക്വാഡ് അംഗങ്ങളായ കെ കെ ശൈലേഷ്, മനോജ് പെടാട്ട്, സത്യൻ വാക്കാട്ട്, അജിത്കുമാർ ഏങ്ങണ്ടിയൂർ, അയ്യപ്പൻ അന്തിക്കാട്ട് തുടങ്ങിയവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. മറ്റു സ്കൂളുകളിൽ നിന്നും പരിശോധനക്കായി അനിമൽ സ്ക്വാഡിന് വിളികൾ വരുന്നുണ്ട്. പിടികൂടിയ വെള്ളിമൂങ്ങയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച് പറത്തി വിട്ടു.

Related Posts