സംസ്ഥാനത്തേത് 2018ലേതിന് സമാന സാഹചര്യം: പ്രളയക്കെടുതി നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി
പ്രളയക്കെടുതി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാനത്ത് പൂർത്തിയായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. മിന്നല്‍ പ്രളയങ്ങളിൽ നിന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 2018ലേതിന് സമാനമാണ് സംസ്ഥാനത്തെ സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസേനയുടെ സേവനം സർക്കാർ ഇതിനകം തന്നെ തേടിയിട്ടുണ്ടെന്നും ശേഖർ കുര്യാക്കോസ് പറഞ്ഞു. അഞ്ച് ദിവസത്തേക്ക് കേരളത്തിലെ പല ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ നിർദ്ദേശപ്രകാരം ഓരോ ജില്ലയിലും തയ്യാറെടുപ്പുകൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവയെക്കുറിച്ച് ബോധവാൻമാരാകണം. സ്ഥിതിഗതികൾ നേരിടാൻ ഒമ്പത് എൻ ഡി ആർ എഫ് സംഘങ്ങൾ സംസ്ഥാനത്തുണ്ട്. വ്യാപകമായ വെള്ളപ്പൊക്ക സാഹചര്യമില്ലെന്നും ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.