'വ്യവസായശാലകൾ ഇല്ലാഞ്ഞിട്ട് പോലും അവസ്ഥ ഇങ്ങനെ'; ബ്രഹ്മപുരം തീപിടുത്തത്തിൽ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിക്കാർ ഗ്യാസ് ചേമ്പറിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണ് ഇപ്പൊൾ ഉള്ളത്. കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്നാണ് പറയപ്പെടുന്നത്. ഇവിടെ വ്യവസായശാലകൾ പോലുമില്ല. എന്നിട്ട് പോലും ഇതാണ് അവസ്ഥ. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.45ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. രേഖകളും ഹാജരാക്കണം. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. അതിന് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഇക്കാര്യത്തിൽ കർശന ഇടപെടൽ നടത്തുമെന്നും കോടതി വ്യക്തമാക്കി. സർക്കാരിനു വേണ്ടി എ.ജിയും കോടതിയിൽ ഹാജരായി. ബ്രഹ്മപുരം വിഷയത്തിൽ ഇന്ന് തന്നെ നിലപാട് അറിയിക്കാൻ കോടതി കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എഴുതിയ കത്തിനെ എല്ലാ ജഡ്ജിമാരും പിന്തുണച്ച സവിശേഷ സാഹചര്യമാണ് ഇന്ന് കോടതിയിൽ ഉണ്ടായത്. ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി. തീപ്പിടുത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും കോടതി പറഞ്ഞു.