30 മണിക്കൂറായി മെട്രോ സ്റ്റേഷനിൽ, ചുറ്റിലും ബോംബ് പൊട്ടുന്ന ശബ്ദങ്ങൾ; സഹായം അഭ്യർഥിച്ച് ഇന്ത്യൻ വിദ്യാർഥി
നീണ്ട 30 മണിക്കൂറായി ഒരു മെട്രോ സ്റ്റേഷനുള്ളിൽ കുടുങ്ങി കിടക്കുകയാണെന്നും ചുറ്റിലും കേൾക്കുന്നത് ബോംബ് സ്ഫോടനത്തിൻ്റെ ശബ്ദങ്ങൾ മാത്രമാണെന്നും ഗുജറാത്തിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി. എത്രയും വേഗം തങ്ങളെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും മനീഷ് ജയ്സ്വാൾ എന്ന വിദ്യാർഥി അഭ്യർഥിച്ചു. യു പി യിലെ ബല്യ സ്വദേശിയായ ഇയാൾ കീവിൽ മെഡിസിൻ വിദ്യാർഥിയാണ്.
"ഞങ്ങൾ തീർത്തും നിസ്സഹായരാണ്. അരക്ഷിതരാണ്. ശരിക്കും ഒറ്റപ്പെട്ടതു പോലെ തോന്നുന്നു. രാവിലെ മുതൽ നഗരത്തിൽ മൂന്ന്-നാല് ബോംബുകൾ വീണിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കൾ എല്ലാം തീർന്നിരിക്കുന്നു. എത്രയും വേഗം ഞങ്ങളെ ഇവിടെ നിന്നും രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ കണ്ടെത്താൻ നരേന്ദ്രമോദി ജിയോടും യോഗി ആദിത്യനാഥ് ജിയോടും അഭ്യർഥിക്കുന്നു," മെട്രോ സ്റ്റേഷനുള്ളിൽനിന്ന് ചിത്രീകരിച്ച വീഡിയോയിൽ മനീഷ് ജയ്സ്വാൾ പറഞ്ഞു. ഉക്രയ്നിലെ ഏത് നഗരത്തിലെ മെട്രോ സ്റ്റേഷനിലാണ് താൻ ഉള്ളത് എന്ന വിവരം വിദ്യാർഥി വീഡിയോയിൽ പരാമർശിച്ചിട്ടില്ല.