ചൈനയിലെ കൊവിഡ് വ്യാപനം; ഇന്ത്യയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ.കെ അറോറ
ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. ചൈനയിൽ പടരുന്ന വകഭേദങ്ങളിലൊന്നായ ബിഎഫ് 7 ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ നടപടികൾ ഇവിടെയും ശക്തിപ്പെടുത്തുകയാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഒന്നല്ല, 4 വകഭേദങ്ങളാണ് ചൈനയിലെ കൊവിഡ് വർധനവിന് പിന്നിലെന്നും കേന്ദ്രസർക്കാരിന്റെ കൊവിഡ് പാനൽ തലവനായ എൻ.കെ അറോറ വ്യക്തമാക്കി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അറോറ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയിലെ നിലവിലെ വ്യാപനത്തിന് പിന്നിൽ ബിഎഫ് 7 മാത്രമല്ലെന്നും ബി.എൻ, ബി.ക്യു, എസ്.വി.വി വകഭേദങ്ങളാണെന്നും അറോറ പറഞ്ഞു. ചൈനയിൽ കോവിഡ് കേസുകളിൽ 15 ശതമാനം മാത്രമാണ് ബിഎഫ് 7 വകഭേദം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമ്പത് ശതമാനം ബിഎൻ, ബിക്യു ശ്രേണികളിൽ നിന്നുള്ളവരാണ്. 10 മുതൽ 15 ശതമാനം വരെ എസ്.വി.വി വേരിയന്‍റിൽ നിന്നുള്ളതാണെന്ന് അറോറ പറയുന്നു. ഇന്ത്യ അമിതമായി ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അറോറ പറഞ്ഞു. ഒന്നും രണ്ടും മൂന്നും കോവിഡ് തരംഗങ്ങളിൽ നിന്നുള്ള വാക്സിനുകളിലൂടെയും തുടർച്ചയായ അണുബാധകളിലൂടെയും ഇവിടത്തെ ജനങ്ങൾ രോഗപ്രതിരോധ ശേഷി നേടിയിട്ടുണ്ട്. എന്നാൽ ചൈനയിൽ അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു.