ആദിവാസി ഊരുകള്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ സന്ദര്‍ശിച്ചു
തൃശ്ശൂർ: ജില്ലയിലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണിയന്‍കിണര്‍, ഒളകര, പൊട്ടിമട തുടങ്ങിയ ആദിവാസി ഊരുകള്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ മോഹന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ആദിവാസി ജനവിഭാഗങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കാന്‍ സിവില്‍ സപ്ലൈ, അങ്കണവാടി ടീച്ചര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവരോട് ആവശ്യപ്പെട്ടു. ആദിവാസി ഊരുകളില്‍ ന്യായമായി ലഭിക്കേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ലഭ്യമാക്കണമെന്നും സംഘം നിര്‍ദേശിച്ചു. ഊരുകളില്‍ ഭക്ഷ്യലഭ്യത ഉറപ്പാക്കാന്‍ ആദിവാസി വനിതകളെ ഉള്‍പ്പെടുത്തി ഗോത്ര വര്‍ഗ വനിത ഭക്ഷ്യ ഭദ്രതാ കൂട്ടായ്മ-ബാസുര രൂപീകരിച്ചു. ഊരിലെ വിദ്യാസമ്പന്നയായ വനിതയാണ് കൂട്ടായ്മയുടെ കണ്‍വീനര്‍. ഇവര്‍ക്ക് ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ പരിശീലനം നല്‍കും. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഊരുകളില്‍ ന്യായമായി ലഭിക്കേണ്ട ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നത് ഈ കൂട്ടായ്മയായിരിക്കും. നവംബര്‍ മാസം മുതല്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ട് ആദിവാസി ഊരുകളില്‍ എത്തിക്കണമെന്നും അങ്കണവാടി, റേഷന്‍കട എന്നിവ വഴി ലഭിക്കേണ്ട ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കൃത്യമായ അളവില്‍ ആദിവാസികള്‍ക്ക് നല്‍കണമെന്നും ഉദ്യോഗസ്ഥരോട് ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ നിര്‍ദേശിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ അംഗങ്ങളായ രമേഷ്, വിജയലക്ഷ്മി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിപി രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, പൊലീസ്, ഫോറസ്റ്റ് പ്രതിനിധികള്‍ എന്നിവരുമുണ്ടായിരുന്നു.