ഓട്ടോറിക്ഷ ഓടിക്കുന്ന ഇംഗ്ലിഷ് ലക്ചറർ; സോഷ്യൽ മീഡിയയിൽ വൈറലായി 74 കാരൻ പട്ടാഭിരാമൻ്റെ കഥ
20 വർഷത്തോളം കോളെജ് ലക്ചറർ ആയിരുന്ന ഒരാൾ റിട്ടയർ ചെയ്തതിനു ശേഷം ഓട്ടോ ഓടിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുമോ? സംശയിക്കേണ്ട. അങ്ങിനെയും മനുഷ്യരുണ്ട്.
കർണാടകക്കാരനായ പട്ടാഭിരാമൻ രണ്ട് പതിറ്റാണ്ടിലേറെക്കാലം മുംബൈയിലെ ഒരു പ്രൈവറ്റ് കോളെജിൽ ഇംഗ്ലിഷ് ലക്ചറർ ആയിരുന്നു. 60-ാം വയസ്സിൽ റിട്ടയർ ചെയ്ത അദ്ദേഹം പിന്നീട് ജന്മനാട്ടിൽ തിരിച്ചെത്തി. ബെംഗളൂരു മഹാനഗരത്തിൽ ഓട്ടോറിക്ഷാ തൊഴിലാളിയായി.
നികിത അയ്യർ എന്ന ഐ ടി പ്രൊഫഷണൽ ലിങ്ക്ഡ് ഇന്നിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് പട്ടാഭിരാമൻ എന്ന വയോധികൻ്റെ കഥ പുറം ലോകം അറിയുന്നത്. ദേശീയ പാതയിൽ യൂബറിൽ പോകുന്നതിനിടയിൽ വണ്ടി കേടായി നടുറോഡിൽ നിൽക്കുമ്പോഴാണ് നികിതയ്ക്കു മുമ്പിൽ പട്ടാഭിരാമൻ എന്ന ഓട്ടോക്കാരൻ എത്തുന്നത്. മനോഹരമായ ഇംഗ്ലിഷിൽ എങ്ങോട്ട് പോകണം എന്ന് തിരക്കിയ ഓട്ടോ ഡ്രൈവറെ കണ്ട് നികിത ഞെട്ടി. യാത്രയ്ക്കിടയിൽ കൗതുകത്തോടെയാണ് ഡ്രൈവറോട് അദ്ദേഹത്തിൻ്റെ ഇംഗ്ലിഷ് പരിജ്ഞാനത്തെപ്പറ്റി ചോദിച്ചറിയുന്നത്.
മുംബൈയിലെ അറിയപ്പെടുന്ന ഒരു പ്രൈവറ്റ് കോളെജിൽ ഇംഗ്ലിഷ് അധ്യാപകനായിരുന്ന ഒരാൾ റിട്ടയർമെൻ്റ് ജീവിതത്തിൽ ഓട്ടോ ഓടിക്കുന്നതിൽ തനിക്ക് 'അപാകത' തോന്നിയെങ്കിലും പട്ടാഭിരാമൻ 'കൂൾ' ആൻ്റ് 'ഹാപ്പി' ആണെന്ന് നികിത പറയുന്നു. 800-1500 രൂപ ദിനം പ്രതി സമ്പാദിക്കുന്നുണ്ടെന്നും തനിക്കും തൻ്റെ 'ഗേൾ ഫ്രണ്ടിനും' സുഖമായി കഴിയാനുള്ള വരുമാന മാർഗം കൂടിയാണ് ഓട്ടോപ്പണിയെന്നുമാണ് പട്ടാഭിരാമൻ്റെ പക്ഷം. ഭാര്യയെ ഗേൾ ഫ്രണ്ട് എന്നാണ് അദ്ദേഹം വിളിക്കുന്നത്. എന്തായാലും യാതൊരു ഈഗോയുമില്ലാതെ, പണ്ടൊരു ലക്ചറർ ആയിരുന്നു എന്നതിൻ്റെ തലക്കനം തീരെയില്ലാതെ, സ്വന്തം തൊഴിലിനോട് കൂറ് പുലർത്തി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന 74 കാരൻ പുതു തലമുറക്ക് മാതൃകയാവുകയാണ്.