എഞ്ചിനീയർ ആകണമെന്ന് അച്ഛൻ നിർബന്ധിച്ചു, സ്വന്തം ഇഷ്ടപ്രകാരം സിനിമയിലെത്തി; അച്ഛനെ കരയിച്ച കഥ പറഞ്ഞ് നടൻ മാധവൻ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് മാധവൻ. 2000-ത്തിൽ മണി രത്നം സംവിധാനം ചെയ്ത അലൈ പായുതേ എന്ന ചിത്രത്തിലൂടെയാണ് മാധവൻ തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയനാവുന്നത്. തുടർന്ന് മിന്നലേ, കന്നത്തിൽ മുത്തമിട്ടാൽ, അൻപേ ശിവം, ആയുധ എഴുത്ത്, വിക്രം വേദ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി.

ബോളിവുഡിലും ഏറെ ആരാധകരുള്ള നടനാണ് മാധവൻ. രാകേഷ് ഓംപ്രകാശ് മെഹ്റയുടെ രംഗ് ദേ ബസന്തി, മണി രത്നത്തിൻ്റെ ഗുരു, രാജ് കുമാർ ഹിറാനിയുടെ ത്രീ ഇഡിയറ്റ്സ്, ആനന്ദ് എൽ റായിയുടെ തനു വെഡ്സ് മനു എന്നിവ ഒരു പാൻ ഇന്ത്യൻ അപ്പീൽ നടന് പകർന്നു നൽകിയ ചിത്രങ്ങളാണ്.

ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മാധവൻ്റെ പിതാവ് രംഗനാഥൻ അയ്യങ്കാർ ടാറ്റ സ്റ്റീൽസിൽ മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് ആയിരുന്നു. അമ്മ സരോജ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരും. ബിഹാറിലെ ജാംഷഡ്പൂരിലാണ് നടൻ്റെ ജനനം.

മകനെ ഒരു എഞ്ചിനീയറാക്കുക എന്ന ജീവിത ലക്ഷ്യവുമായി നടന്ന പിതാവിനെ കരയിച്ച കഥയാണ് കേളി ടെയ്ൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറയുന്നത്. എഞ്ചിനീയറാവാൻ താത്പര്യമില്ലെന്നറിഞ്ഞതോടെ പിതാവ് ആകെ തകർന്നു പോയെന്ന് നടൻ പറയുന്നു. ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത് എന്ന് ചോദിച്ച് അദ്ദേഹം കരഞ്ഞു.

മുപ്പത് കൊല്ലക്കാലം ഒരേ ജോലി ചെയ്ത്, ഒരേ ജീവിതം ജീവിച്ചു ശീലിച്ച അച്ഛനെപ്പോലെ ആകരുതെന്ന് താൻ ആഗ്രഹിച്ചിരുന്നു. നടൻ ആകും എന്നൊന്നും കരുതിയിരുന്നില്ല. എന്നാൽ എങ്ങനെയോ നടൻ ആയിത്തീരുകയായിരുന്നു. ബനേഗി അപ്നി ബാത്ത്, ആരോഹൺ തുടങ്ങിയ ടെലിവിഷൻ ഷോകളിലാണ് ആദ്യം വേഷമിടുന്നത്. പിന്നീടാണ് ജീവിതം വഴിതിരിച്ചുവിട്ട അലൈ പായുതേ എന്ന ചിത്രത്തിൽ എത്തിപ്പെടുന്നത്.

Related Posts