കോവാക്‌സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് പഠനം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ആയ കോവാക്‌സിന് അന്‍പതു ശതമാനം മാത്രം ഫലപ്രാപ്തിയെന്നു പഠന റിപ്പോര്‍ട്ട്. നേരത്തെ കണക്കാക്കിയിരുന്നതിനും കുറവു ഫലപ്രാപ്തിയാണ് കോവാക്‌സിന് ഉള്ളതെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.
കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ ഏപ്രില്‍-മെയ് കാലയളവില്‍ എയിംസിലെ ജീവനക്കാരില്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ നടത്തിയ പഠനത്തിലാണ് കോവാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍. രാജ്യത്ത് വാക്‌സിനേഷന്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യുട്ടിലെ ജീവനക്കാര്‍ക്ക് കോവാക്‌സിന്‍ നല്‍കിയിരുന്നു.
കോവാക്‌സിന്‍ കോവിഡിന് എതിരെ 77.8 ശതമാനം ഫലപ്രാപ്തി ഉണ്ടാക്കുന്നുണ്ടെന്നായിരുന്നു തുടക്കത്തിലെ പഠന ഫലങ്ങള്‍. എന്നാല്‍ പരീക്ഷണ ഘട്ടത്തിലെ ഈ ഫലങ്ങള്‍ പറയുന്നത്ര ഫലപ്രാപ്തി വാക്‌സിന് ഇല്ലെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.
ഒട്ടുമിക്ക വാക്‌സിനുകളും കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് എതിരെ കുറഞ്ഞ ഫലപ്രാപ്തിയാണ് പ്രകടിപ്പിക്കുന്നതെന്ന് ഗവേഷര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ പിടിമുറുക്കിയത് ഡെല്‍റ്റ വകഭേദമാണ്. കോവാക്‌സിന്റെ കുറഞ്ഞ ഫലപ്രാപ്തിക്കു കാരണം ഇതായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗവ്യാപന നിരക്ക് അത്യധികം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വാക്‌സിന്‍ ഫലപ്രാപ്തി കുറയാനിടയുണ്ടെന്നും അവര്‍ പറയുന്നു.
ഭാരത് ബയോടെക്കും ഐ സി എം ആറും ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഏറെ കാത്തിരിപ്പിനൊടുവില്‍ ഈ മാസം തുടക്കത്തിലാണ് കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.