'ഹോം' ഹിന്ദിയിലേക്ക്
ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രമായി ഇന്ദ്രൻസ് മികച്ച പ്രകടനം കാഴ്ചവെച്ച റോജിൻ തോമസിന്റെ സൂപ്പർ ഹിറ്റ് ചലച്ചിത്രം 'ഹോം' ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നു. ബോളിവുഡിലെ പ്രമുഖ നിർമാതാവായ വിവേക് മൽഹോത്രയുടെ അബൻഡൻഷിയ എന്റെർടെയ്ൻമെന്റും ഹോമിന്റെ നിർമാതാക്കളായ ഫ്രൈഡേ ഫിലിംസുമാണ് ഹിന്ദിയിൽ ചിത്രം പുനരാവിഷ്കരിക്കുന്നത്.
അഭിനേതാവും നിർമാതാവുമായ വിജയ് ബാബുവാണ് ഹോം ഹിന്ദിയിൽ അണിയിച്ചൊരുക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. മുംബൈ ടൈംസിൽ ഇതേപ്പറ്റി വന്ന വാർത്ത പങ്കുവെച്ചു കൊണ്ടാണ് വിജയ് ബാബു തന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്നത്. 21 വർഷം മുമ്പ് മുംബൈയിൽ തന്റെ കരിയറിന് തുടക്കം കുറിക്കുമ്പോൾ ബോളിവുഡിന്റെ ഭാഗമാകണം എന്ന് മനസ്സ് മന്ത്രിച്ചിരുന്നു. മുംബൈ ടൈംസിന്റെ ഫ്രണ്ട് പേജിൽ അതേപ്പറ്റി വാർത്ത വരുന്നതിനെപ്പറ്റി സ്വപ്നം കണ്ടിരുന്നു. ഹോം അത് യാഥാർഥ്യമാക്കിയെന്ന് പത്രത്തിന്റെ ഫ്രണ്ട് പേജിൽവന്ന വാർത്ത പങ്കുവെച്ചുകൊണ്ട് വിജയ് ബാബു പറഞ്ഞു. ഫ്രൈഡേ ഫിലിംസ് നിർമിച്ച് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ് ' ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നതും ഇതേ പ്രൊഡക്ഷൻ കമ്പനിയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
സ്മാർട്ട് ഫോൺ ഉൾപ്പെടെ പുത്തൻ സാങ്കേതിക വിദ്യകൾ തീരെ വശമില്ലാത്ത ഒലിവർ ട്വിസ്റ്റ് എന്ന പ്രായം ചെന്ന മനുഷ്യൻ ഡിജിറ്റൽ ലോകത്ത് അനുഭവിക്കുന്ന പ്രയാസങ്ങളാണ് ഹോമിലൂടെ സംവിധായകൻ റോജിൻ തോമസ് വരച്ചുകാട്ടിയത്. സോഷ്യൽ മീഡിയ പുതിയ തലമുറയിൽ ചെലുത്തുന്ന അതിരു കവിഞ്ഞ സ്വാധീനത്തെ പ്രമേയവത്കരിക്കുന്ന ചിത്രത്തിൽ മഞ്ജുപിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ കെ ഗഫൂർ, ദീപ തോമസ്, ജോണി ആന്റണി എന്നിവർക്കൊപ്പം നിർമാതാവ് വിജയ് ബാബുവും ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഹിന്ദിയിലെ അഭിനേതാക്കളെയോ അണിയറ പ്രവർത്തകരെയോ സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല