പന്തീരാങ്കാവ് കേസിൽ ത്വാഹയ്ക്ക് ജാമ്യം, അലന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ സുപ്രീം കോടതി ത്വാഹ ഫസലിന് ജാമ്യം അനുവദിച്ചു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവും കോടതി തള്ളി. ഒരേ കൃത്യങ്ങളിൽ പങ്കാളികളെന്ന് ആരോപിക്കപ്പെടുന്ന കേസിൽ രണ്ടു പേരിൽ ഒരാൾക്ക് മാത്രമായി ജാമ്യം അനുവദിച്ചതിനെ നേരത്തേ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു.
അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ ഐ എ) കോടതിയെ സമീപിച്ചത്. എൻ ഐ എ യുടെ വാദങ്ങൾ തള്ളുകയും രണ്ടു പേർക്കും ജാമ്യം ലഭിച്ചതും അന്വേഷണ ഏജൻസിക്ക് വലിയ തിരിച്ചടിയാണ്. തെളിവുകൾ ഇല്ലാതിരുന്നിട്ടും വിദ്യാർഥികൾക്കെതിരെ യു എ പി എ ചുമത്തിയ നടപടിയുടെ പേരിൽ സംസ്ഥാന സർക്കാരും വലിയ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ലഘുലേഖകളും മാവോയിസ്റ്റ് സാഹിത്യവും പിടിച്ചെടുത്തത് യു എ പി എ ചുമത്താൻ മതിയായ കാരണമല്ല എന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടത്. മാവോയിസ്റ്റ് പുസ്തകങ്ങൾ കൈവശം വെച്ചാൽ ഒരാൾ മാവോയിസ്റ്റ് ആവില്ലെന്ന ശ്യാം ബാലകൃഷ്ണൻ കേസിലെ വിധിയും ശ്രദ്ധേയമാണ്. രാജ്യദ്രോഹക്കുറ്റം അകാരണമായി ചുമത്തുന്ന പ്രവണതയ്ക്കെതിരെ അടുത്ത കാലത്തായി സുപ്രീം കോടതി നിരവധി നിരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിശക്തമായ തെളിവുകളുടെ പിൻബലത്തിലാവണം യു എ പി എ ചുമത്തേണ്ടത് എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
2019 നവംബറിലാണ് കോഴിക്കോട് പന്തീരാങ്കാവിൽവെച്ച് വിദ്യാർഥികളായ അലൻ ഷുഹൈബിനെയും ത്വാഹ ഫസലിനെയും മാവോയിസ്റ്റുകളാണെന്ന സംശയത്തിൽ അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തി ജയിലിൽ അടയ്ക്കുന്നത്. തെളിവുകൾ ഇല്ലാതിരുന്നിട്ടും രാജ്യദ്രോഹകുറ്റം ചുമത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക നേതാക്കളും രംഗത്ത് വന്നിരുന്നു