വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മേലുള്ള കടന്ന് കയറ്റമാണെന്ന് സുപ്രീംകോടതി
ഡി എന്‍ എ പരിശോധനയ്ക്ക് തയ്യാറല്ലാത്തവരെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഡി എൻ എ പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നതിന് എതിരെ സുപ്രീംകോടതി. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ. സ്വത്തുവകകളുടെ ഉടമസ്ഥതാവകാശത്തിൽ പരാതിക്കാരനെ അയാളുടെ താത്പര്യത്തിന് വിരുദ്ധമായി ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കാമോ എന്നീ വിഷയങ്ങളാണ് കോടതി പരിശോധിച്ചത്.
ബന്ധം തെളിയിക്കാൻ മറ്റു തെളിവുകൾ ഉണ്ടെങ്കിൽ ഡി എൻ എ പരിശോധനയ്ക്ക് ഉത്തരവിടുന്നതിൽ നിന്ന് കോടതികൾ വിട്ടുനിൽക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
ഇത്തരം പരിശോധനകൾ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്. ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തിൽ പങ്കുതേടി അശോക് കുമാർ എന്നയാൾ നൽകിയ പരാതിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്. അച്ഛനില്ലാത്തവനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ടായാൽ അയാൾ അനുഭവിക്കുന്ന പ്രശ്നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.



